സിനിമയേ കണ്ടിട്ടില്ലാത്തവര്‍ പോലും പലപ്പോഴും പറയാറുളളൊരു സിനിമാഡയലോഗുണ്ട്. അങ്ങനെ പവനായി ശവമായി എന്നതാണാ ഡയലോഗ്. ഒരുപക്ഷേ, ഏറ്റവുമധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളൊരു ഡയലോഗ്.
ശ്രീനിവാസന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1987ല്‍ പുറത്തുവന്ന നാടോടിക്കാറ്റ് എന്ന സിനിമയിലുള്ളതാണ് ഈ ഡയലോഗ്. അതിലെ കഥാപാത്രമായ അധോലോക പ്രഫഷനല്‍ കില്ലര്‍ പവനായി മരിക്കുമ്പോള്‍ അയാളെ ക്വട്ടേഷന്‍ ഏല്പിച്ച കൊള്ളത്തലവന്‍ അനന്തന്‍ നമ്പ്യാര്‍ പറയുന്നതാണ് ഈ ഡയലോഗ്.
സിനിമയില്‍ അനന്തന്‍ നമ്പ്യാരായത് തിലകനാണ്. പവനായിയായെത്തിയത് ക്യാപ്റ്റന്‍ രാജുവും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രം. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെയും ഓഗസ്റ്റ് ഒന്നിലെ കില്ലറെയും പോലുള്ള കഥാപാത്രങ്ങളെയൊക്കെ അതിശയിച്ച ഗംഭീരകഥാപാത്രം. മിനിറ്റുകള്‍ മാത്രമേ സിനിമയിലുള്ളുവെങ്കിലും മിന്നിത്തിളങ്ങിയ പവനായി. പി വി നാരായണനെന്ന പവനായി.
പവനായി ശവമായിട്ടില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്ത. കാല്‍നൂറ്റാണ്ടിനുശേഷം പവനായി പുനര്‍ജനിക്കുകയാണ്. ക്യാപ്റ്റന്‍ രാജു തന്നെ സംവിധാനം ചെയ്യുന്ന പവനായി 916 എന്ന സിനിമയിലെ പ്രധാനകഥാപാത്രമായിട്ടാണ് പവനായിയുടെ വരവ്. ചിത്രത്തില്‍ പവനായി ആയി ക്യാപ്റ്റന്‍ തന്നെയെത്തും. ഒരുപക്ഷേ, ഒരു വന്‍തിരിച്ചുവരവ്.
ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യചിത്രം ഇതാ ഒരു സ്നേഹഗാഥയായിരുന്നു. ഇന്ന് തമിഴിലെ താരമായ വിക്രമും ഇടക്കാലത്ത് താരമായിത്തിളങ്ങിയ ലൈലയുമായിരുന്നു ആ ചിത്രത്തില്‍ നായകനും നായികയും.
പവനായിയുടെ പേരിനു പിന്നിലും ഒരു കഥയുണ്ട്. നാടോടിക്കാറ്റിന്റെ കഥ അക്കാലത്ത് ഫാസിലിന്റെ സംവിധാനസഹായികളായിരുന്ന സിദ്ദീഖ് ലാലുമാരുടേതായിരുന്നു. ആ കഥയില്‍ കില്ലറുടെ പേര് ഹോനായി എന്നായിരുന്നു. ആ പേര് സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും അത്ര പിടിച്ചില്ല. അവര്‍ മാറ്റിയിട്ടതാണ് പവനായി എന്ന പേര്. പിന്നീട് സിദ്ദീഖും ലാലും തങ്ങളുടെ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ പ്രധാനവില്ലന് ഹോനായി എന്നു പേരിട്ടു. ജോണ്‍ ഹോനായി എന്ന്. ആ കഥാപാത്രവും വന്‍പ്രശസ്തി നേടി.








