ആറു സിനിമകള്‍ കൊണ്ടു നൂറു സിനിമകളുടെ നിറവൊരുക്കി മലയാളിയുടെ കാഴ്ചാശീലങ്ങളെ അട്ടിമറിച്ച സംവിധായകനാണു ബ്ലെസ്സി. 2005ല്‍ കാഴ്ചയെന്ന ആദ്യചിത്രം. കഴിഞ്ഞ വര്‍ഷം ആറാമത്തെയും ഏറ്റവും പുതിയതുമായ ചിത്രം പ്രണയം. കാഴ്ചയിലൂടെ മമ്മൂട്ടിയെന്ന നടനെയും മലയാളസിനിമയുടെ നടപ്പുശീലങ്ങളെയും പുതുക്കിപ്പണിത ബ്ലെസ്സി പ്രണയത്തിലൂടെ മോഹന്‍ലാലെന്ന നടനെ രണ്ടാം ജന്മസുകൃതമേകിയതും നാം കണ്ടു. ഇപ്പോഴിതാ, മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്റെ പ്രഭയും പ്രണയത്തിന്റെ കാഴ്ചപ്പരുവങ്ങള് ഈ തിരുവല്ലക്കാരനിലേക്കു കൊണ്ടുവരുന്നു.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനായി പ്രണയം രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയോടും പി ബാലചന്ദ്രന്റെ ഇവന് മേഘരൂപനോടും മത്സരിച്ചത് ഇഞ്ചോടിഞ്ചായിരുന്നുവത്രേ. സമകാലികമായ വിഷയത്തെ സ്വീകരിച്ചതുകൊണ്ടാണ് ഇന്ത്യന്‍ റുപ്പിക്കു സമ്മാനം നല്കുന്നതെന്നത്രേ ജൂറി ചെയര്മാന് കെ ഭാഗ്യരാജ് പറഞ്ഞത്. സാമൂഹികസാഹചര്യങ്ങളുടെ സമകാലികത നിലകൊള്ളുന്നത് വ്യക്തികള്‍ക്കു പുറത്താണെന്നു കരുതുമ്പോഴേ അങ്ങനെ പറയാനാകൂ. വ്യക്തിബന്ധങ്ങളുടെ നിഗൂഢവും വന്യവുമായ മനശ്ശാസ്ത്രമേഖലകളിലേക്കു കാഴ്ച തിരിച്ചുവയ്ക്കുന്ന പ്രണയം പോലൊരു സിനിമയുടെ സമകാലികത കാലത്തെ അതിജീവിച്ചുകൊണ്ടാണു തുടരുകയെന്നതാണു സത്യം.
ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചശേഷമാണു ബ്ലെസ്സി ഒരു സ്വതന്ത്രസംവിധായകനാകാന്‍ തീരുമാനിക്കുന്നത്. നാല്പതുകളിലേക്കു സ്വയം പ്രവേശിച്ചശേഷമാണ് ബ്ലെസ്സി തന്റെ ആദ്യചിത്രമായ കാഴ്ചയുമായി മുന്നോട്ടുവരുന്നത്. പത്മരാജന്റെ സഹായിയായി തുടങ്ങി ജയരാജു വരെയുള്ള മികച്ച സംവിധായകരുടെ പ്രിയപ്പെട്ട സഹായിയായിരുന്നു ബ്ലെസ്സി. യഥാര്‍ത്ഥത്തില്‍, ഗുരുവായ പത്മരാജന്റെ, ബ്ലെസ്സിക്കേറ്റവുമിഷ്ടപ്പെട്ട കഥയായ ഓര്മ ചലച്ചിത്രമാക്കുകയായിരുന്നു ആദ്യമായി ഉദ്ദേശിച്ചിരുന്ന സിനിമ. എന്നാല്‍, അതിന്റെ വിചിത്രമായ കഥാകഥനാവസ്ഥയുമായി നമ്മുടെ പ്രേക്ഷകര്‍ക്കു പൊരുത്തപ്പെടാനാകാതെ വന്നാല്‍, സംവിധായകനെന്ന നിലയില്‍ തന്റെ ഉദ്യമം വേണ്ട വിജയത്തിലെത്താതെ പോകുമോ എന്ന ആശങ്കകൊണ്ടാണ് ബ്ലെസ്സിയിലെ സംവിധായന് കാഴ്ചയുമായി മമ്മൂട്ടിയിലേക്കു തിരിയുന്നത്.
കാഴ്ചയുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയസാമൂഹികപരിസരങ്ങളെയാകെ പിടിച്ചുകുലുക്കിയ ഗുജറാത്തിന്റെ ഭൂമികയില്നിന്നാണുരുവം കൊണ്ടിരിക്കുന്നത്. അതും കുപ്രസിദ്ധമായ ഗുജറാത്ത് വംശീയകലാപത്തിനു ശേഷം മൂന്നുകൊല്ലങ്ങള്ക്കിപ്പുറം. എന്നാല്‍, കലാപത്തിന്റെ മനസ്സന്വേഷിക്കുന്നതിന്റെ സമകാലികതയെ അതിവര്‍ത്തിച്ച്, എക്കാലത്തെയും മനുഷ്യദുരന്തങ്ങളുടെ അന്തര്‍പാഠങ്ങള്‍ തെരയാനാണു ബ്ലെസ്സി തീരുമാനിച്ചത്. അതുകൊണ്ടുതന്നെ കാഴ്ചയില്‍ നമ്മുടെ കാഴ്ചയില്‍പ്പെടുന്ന കുട്ടി ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകമ്പത്തില്‍ അനാഥനായ ബാലനായിത്തീരുന്നു. കലാപമായാലും ഭൂമീകോപമായാലും മനുഷ്യന്റെ നിസ്സഹായതയെന്നതാണ് ഏറ്റവും വലിയ സാമൂഹിക, മാനസികപ്രശ്നമെന്ന് കാഴ്ചയിലെ കാഴ്ചകള്‍ അടിവരയിട്ടുപറയുന്നു.
അതിനുശേഷം ഓര്‍മയുടെ ചലച്ചിത്രരൂപമായ തന്മാത്രയാണു ബ്ലെസ്സി ചലച്ചിത്രവല്‍ക്കരിച്ചത്. ഓര്മനഷ്ടമെന്ന സാമൂഹികയാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ പകര്‍ത്തിയപ്പോള്‍ തന്മാത്ര അപൂര്‍വസുന്ദരമായൊരു ചലച്ചിത്രമായി മലയാളത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. മോഹന്‍ലാലിന്റെ അഭിനയനാള്വഴിയിലെ മറ്റൊരു നാഴികക്കല്ലായി ചിത്രം മാറി.
അതിനുശേഷമാണ്, കേരളത്തിന്റെ ഈ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വേദനകളിലൊന്നായ സ്ത്രീപീഡനത്വര വിഷയമാക്കി, എന്നാല്‍ അന്യത്ര ലാളിത്യമധുരമായി ബ്ലെസ്സി പളുങ്ക് ഒരുക്കിയത്. വീണ്ടും മമ്മൂട്ടിയായി നായകന്.
സൂപ്പര്‍താരങ്ങളെ തുടര്‍ച്ചയായി നായകവേഷത്തിലെത്തിക്കുമ്പോഴും കണ്ടുശീലിച്ച നായകരൂപഭാവഹാവാദികളില്നിന്നു പലായനം ചെയ്യപ്പെട്ട പാവം നായകന്മാരായിരുന്നു ബ്ലെസ്സിയുടെ കഥകളില്‍ കാണപ്പെട്ടത്. കാഴ്ചയില്‍ ഒന്നിനും തന്റേതായ ഉത്തരങ്ങളോ വിശദീകരണങ്ങളോ ഇല്ലാത്ത പാവം മാധവനായിരുന്നു നായകനെങ്കില്‍ തന്മാത്രയിലെ രമേശന് താനാര് എന്നതുപോലും മറന്നുപോയ ഗതികേടിന്റെ ആള്‍രൂപം. പളുങ്കില്‍ മോനിച്ചന് ഒന്നും പരിഹരിക്കാന്‍ കഴിയുന്നില്ല. നഗരവേഗങ്ങള്ക്കിടയില് ഇടറിപ്പോയൊരു പാവം ഗ്രാമീണമനസ്സാണയാള്.
ആദ്യത്തെ മൂന്നു ചിത്രങ്ങളുടെയും ഗ്രാമീണമുഖങ്ങള്ക്കപ്പുറം, തന്മാത്രയിലെ തിരുവനന്തപുരത്തിന് നഗരമുഖത്തേക്കാള് ഗ്രാമമുഖമാണു കാണുന്നത്, നാലാമത്തെ സിനിമയായ കല്‍ക്കട്ടാ ന്യൂസിലെത്തുമ്പോള്‍ മഹാനഗരത്തിന്റെ ജീവിതഭാവവിശേഷങ്ങളാണു ബ്ലെസ്സി എടുത്തുകാട്ടുന്നത്. കെണിയിലകപ്പെടുന്ന സ്ത്രീത്വമാണ് ഇവിടെ ബ്ലെസ്സി വിഷയമായി സ്വീകരിച്ചത്.
സ്ത്രീപുരുഷബന്ധത്തിന്റെ നന്മയും അതില്‍ പിഴവു വീഴ്ത്തുന്ന തിന്മയും ഇവിടെ ഒരേ പെണ്‍കഥാപാത്രത്തിന്റെ ഒപ്പമെത്തുന്ന രണ്ടു വ്യത്യസ്തപുരുഷകഥാപാത്രങ്ങളിലൂടെ ബ്ലെസ്സി വരച്ചുകാട്ടി. അതിനുശേഷമാണ് നിസ്സഹായന്റെ പ്രതികാരത്തിന്റെ കഥയുമായി ബ്ലെസ്സിയെത്തുന്നത്. മോഹന്‍ലാല്‍ ആദിമദ്ധ്യാന്തം പകര്‍ന്നാടിയ ഭ്രമരമെന്ന ചിത്രവുമായി. അവിശ്വസനീയമായ തലങ്ങളിലേക്കു കഥ പോകുന്നുവെങ്കിലും നഗരത്തിന്റെ അഹങ്കാരത്തിനു മീതേയ്ക്ക് വണ്ടിയോടിച്ചുകയറ്റുന്ന ഒരു കുഗ്രാമീണഡ്രൈവറുടെ നോവിന്റെ ഭ്രമരഹുങ്കാരം പടം കാണുന്നവരുടെയുള്ളില്‍ ഒരിക്കലും അടങ്ങാതെ നില്ക്കും.
ഭ്രമരത്തിനുശേഷം മോഹന്‍ലാലിനെത്തന്നെ മുഖ്യകഥാപാത്രമായി സ്വീകരിച്ചുകൊണ്ടാണ് ബ്ലെസ്സി തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രണയമൊരുക്കിയത്. മൂന്നക്ഷരപ്പേരുകളോടുള്ള ബ്ലെസ്സിയുടെ പ്രണയം തുടരുകയായിരുന്നു അവിടെ. കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം.
ഈ മൂന്നക്ഷരങ്ങള്‍ അതതു ചിത്രങ്ങളിലെ മൂന്നു കഥാപാത്രങ്ങളെയാണോ പ്രതിനിധീകരിക്കുന്നതെന്നു തോന്നിപ്പോകും. പളുങ്കില്‍ മോനിച്ചനും ഭാസിയും മകളുമാണാ മൂന്നുപേരെങ്കില് കാഴ്ചയില്‍ മാധവനും അനാഥബാലനും അധികാരസ്ഥാനവുമാകുന്നു അത്. ഭ്രമരത്തില്‍ ശിവന് കുട്ടിയും രണ്ടു ശത്രുക്കളുമാകുന്നു അത്. പ്രണയത്തില്‍ അത് അച്ചുവും ഗ്രേസും മാത്യൂസുമെന്ന ത്രയമാകുന്നു.
പ്രേമത്തിന്റെ കനല്ജ്വലനങ്ങളെല്ലാം തീര്‍ന്നെന്നു കരുതുന്നൊരു കാലപ്രായസന്ധിയില് പരസ്പരം കണ്ടുമുട്ടുന്ന ഈ മൂന്നു കഥാപാത്രങ്ങളിലൂടെ മനുഷ്യനെന്ന മഹാപ്രഹേളികയെ ബ്ലെസ്സിയെന്ന സംവിധായകന് ഒരു ദൈവമഹിമയോടെ അടുത്തുകാണാന്‍ ശ്രമിക്കുകയാണ്. മനുഷ്യനിലെ അഹങ്കാരവും അല്പത്തവും സ്വാര്‍ത്ഥതയും പാപബോധവും എല്ലാം കുഴഞ്ഞുമറിയുന്ന ഒരു സ്ഥലജലഭ്രമാത്മകരംഗവിതാനം ഈ ചിത്രത്തിലുടനീളം കാണാം. ആ ആശയപരിസരത്തെ അനുഭവിപ്പിക്കാന്‍ പോന്ന വിധത്തില്‍ നീരാവി തങ്ങിനില്ക്കുന്ന ചില്ലുജാലകങ്ങളും കടല്‍ക്കാഴ്ചകളും പഴഞ്ചന്‍ കപ്പല്പ്പുറങ്ങളും ചിത്രത്തില്‍ പലേടത്തും കാണാം. ജീവിതമെന്ന വലിയ കപ്പല്‍ച്ചേതത്തിന്റെ ബാക്കിപത്രമാണു തന്റെയെല്ലാ ചിത്രങ്ങളുമെന്നു ബ്ലെസ്സി സ്വയം കരുതുന്നുണ്ടോ എന്നറിയില്ല. എന്നാല്‍ പ്രണയമെന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ കപ്പലിന്റെയല്ല, കപ്പല്‍ച്ചേതത്തിന്റെ കൊടിക്കൂറയാണ് ബ്ലെസ്സിയുടെ ചിത്രങ്ങള്‍ നെഞ്ചില്‍ വഹിക്കുന്നതെന്നു തോന്നാതിരിക്കില്ല.
മലയാളസിനിമയുടെ മുഖച്ഛായയും അകച്ഛായയും മാറ്റിയ സംവിധായകന് മികച്ച സംവിധായകനുള്ള സമ്മാനം എത്രയോ മനോഹരമായി ഇണങ്ങുന്നു എന്നു നോക്കിക്കാണുക. കാഴ്ചകളുടെ പ്രണേതാവിന് അര്‍ഹിക്കുന്ന അംഗീകാരം.








