പത്ത് വയസ്സ് ആഘോഷിച്ച വിക്കിപീഡിയയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍
ലോകത്തിലെ അറിവുകളെല്ലാം ശേഖരിച്ചുവച്ചിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് വിക്കിപീഡിയ. അറിവില്‍ ഇടപെടാമെന്നതാണ് വിക്കിപീഡിയ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളില്‍ പ്രധാനം. അറിവ് ആരുടെയും കുത്തകയല്ലെന്നുള്ള ഉയര്‍ന്ന ജനാധിപത്യബോധമാണ് വിക്കിപീഡിയ എന്ന വിജ്ഞാനകോശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ജിമ്മി വെയ്ല്‍സ്, ലാറി സാംഗര്‍ എന്നീ രണ്ട് യുവാക്കളാണ് വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് വിജ്ഞാനകോശം തുടങ്ങുന്നത്. ജിമ്മി വെയ്ല്‍സ് ആദ്യം തുടങ്ങിയ വിജ്ഞാനകോശത്തിന്റെ പേര് നുപീഡിയ എന്നായിരുന്നു. എന്നാല്‍ വളരെ പതുക്കെയായിരുന്നു നൂപീഡിയായുടെ പ്രവര്‍ത്തനങ്ങള്‍. നുപീഡിയായില് എഡിറ്റര്‍ ഇന്‍-ചാര്‍ജ്ജായിരുന്ന ലാറി സാംഗറുമായി ചേര്‍ന്ന് പിന്നീടാണ് കുറച്ചുകൂടി വിശാലമായ വിക്കിപീഡിയ എന്ന സൈറ്റ് തുടങ്ങുന്നത്.
ഇന്ന് ലോകത്തിലേറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് വിക്കിപീഡിയ. രണ്ടായിരത്തിയൊന്‍പതില്‍ മാസത്തില്‍ ഏകദേശം 65 മില്യണ്‍ സന്ദര്‍ശകരാണ് വിക്കിപീഡിയയ്ക്കുണ്ടായിരുന്നത്. ഇരുന്നൂറ്റിയറുപത് ഭാഷകളിലായി ഏകദേശം ഒന്നരകോടിയിലധികം ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. എണ്‍പത്തയ്യായിരത്തിലധികം ആളുകളാണ് ഓരോ ദിവസവും ലേഖനങ്ങള്‍ എഡിറ്റ് ചെയ്യുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത്. അതുമൂലം ഏറ്റവും പുതിയ വിവരങ്ങള്‍വരെ ലഭിക്കുന്നതിന് സാധിക്കുന്നു.
ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയയിലുണ്ട്. അതുമാത്രമല്ല. ആ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തരാന്‍ കഴിയുന്ന മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകളും വിക്കിപീഡിയയിലുണ്ടായിരിക്കും. അതുമൂലം അതിനെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാകും.
പടിഞ്ഞാറന്‍ കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നതും വിക്കിപീഡിയയുടെ പ്രത്യേകതയാണ്. കാരണം പലരാജ്യത്തുള്ളവരാണ് ഓരോ വാര്‍ത്തയും, വിവരവും കൂട്ടിചേര്‍ക്കുന്നത്. കൂട്ടിചേര്‍ക്കുന്ന വിവരങ്ങള്‍ അവരുടെ നിലപാടുകളുമായി ബന്ധപ്പെട്ടതായിരിക്കും. അതിനാല്‍ വിശ്വാസ്യത കൂടുന്നു.
രണ്ടായിരത്തിരണ്ട് ഡിസംബറിലാണ് വിക്കിപീഡിയ മലയാളം ഭാഷയില്‍ തുടങ്ങിയത്. ഇതിനകം പതിനായിരക്കണക്കിന് ലേഖനങ്ങളാണ് പലവിഷയങ്ങളെക്കുറിച്ചായി മലയാളവിഭാഗത്തിലുള്ളത്.








