ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംഘടനയായ നാസ്കോം സര്ക്കാരിതരസംഘടനകള്ക്ക്, അഥവാ, എന്‍ജിഒകള്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2010 സൗജന്യമായി നല്കുന്നു. സംഘടനയുടെ സന്നദ്ധസേവന സംവിധാനമായ നാസ്കോം ഫൗണ്ടേഷന് വഴിയാണ് ഐ.ടി. മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന ഈ ഉപഹാരനീക്കം നടക്കുന്നത്.
ഈ സേവനം ആവശ്യമുള്ള എന്‍ജിഒകള്‍ www.BiGTech.in എന്ന സൈറ്റിലൂടെ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മാത്രം മതി. അവരുടെ സിസ്റ്റങ്ങളില്‍ മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ സംവിധാനം ചെയ്തുകൊടുക്കും. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന് 18,000 രൂപയിലേറെ വിലയീടാക്കി മാത്രം പൊതുവിപണിയില്‍ വിതരണം ചെയ്യുമ്പോഴാണ് ഇത്തരം വമ്പിച്ചൊരു സൗജന്യപരിപാടി ആസൂത്രിതമാകുന്നത്. മൈക്രോസോഫ്റ്റ് വേഡ്, എക്സല്‍, പവര്‍പോയിന്റ് തുടങ്ങി ഡോക്യുമെന്റേഷന്, സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷന് ആവശ്യങ്ങള്‍ക്ക് ഉപയുക്തമാകുന്ന യൂട്ടിലിറ്റികളാണ് ഇങ്ങനെ സൌജന്യമായി ലഭിക്കുക.
വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റം ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് 11,000 രൂപയാണ് ലൈസന്‍സ് ഫീ ഈടാക്കുന്നത്. ഇന്ത്യയില്‍ പൈറസി വ്യാപകമാണെങ്കിലും എന്‍ജിഒകള്‍ക്കും മറ്റും റെയ്ഡ് ഭയന്ന് ഒറിജിനല്‍ വേര്‍ഷന്‍ തന്നെ ഉപയോഗിക്കേണ്ടിവരുന്നു. ഇതിനുപുറമേ ഓഫീസ് സ്യൂട്ട് കൂടി പണം കൊടുത്തുവാങ്ങണമെങ്കില് വീണ്ടും 18,000 രൂപ ഒറ്റ സിസ്റ്റത്തിനുവേണ്ടി മാത്രം മുടക്കേണ്ടിവരുന്നു. ഹാര്ഡ്വെയര് കോസ്റ്റിനു പുറമേ, സോഫ്റ്റ്വെയര് ഡിപ്ലോയ്മെന്റിന് ഇത്രയും ഭീമമായ തുക ആവശ്യമായി വരുന്നതുമൂലം എന്‍ജിഒകള്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്നൂ ലിനക്സിലേക്കും സ്വതന്ത്ര ഓഫീസ് സ്യൂട്ടായ ഓപ്പണ്‍ ഓഫീസിലേക്കും മറ്റും തിരിയാന്‍ തുടങ്ങിയതോടെയാണ് തങ്ങളുടെ മാര്‍ക്കറ്റ് സാന്നിദ്ധ്യം നിലനിര്‍ത്താനും കൂടുതല്‍ പേരെ തങ്ങളുടെ ഉത്പന്നങ്ങളില്‍ മാത്രമായി കുടുക്കിയിടാനുമായി വിവിധ സൌജന്യങ്ങളുമായി മൈക്രോസോഫ്റ്റ് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ സോഫ്റ്റ്വെയര് വ്യവസായികളുടെ സംഘടനയായ നാസ്കോം, അവരുടെ ഫൌണ്ടേഷന് വഴി, ഈ പ്രൊപ്രൈറ്ററി താത്പര്യങ്ങള്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സ്വാതന്ത്ര്യത്തെ സൌജന്യംവഴി മറികടക്കാനാണ് ശ്രമം.
മൈക്രോസോഫ്റ്റടക്കം നാലഞ്ചു വമ്പന്‍ ഐടി കോര്‍പ്പറേറ്റ് ഭീമന്മാരുടെ സൗജന്യപദ്ധതികള്ക്കു ചുക്കാന്‍ പിടിക്കുന്ന ബിഗ്ടെക്കാണ് നാസ്കോം ഫൌണ്ടേഷനുവേണ്ടി ഈ പദ്ധതിയുടെയും നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്ത് 880 എന്‍ജിഒകള്‍ ബിഗ്ടെക്കില് രജിസ്ട്രേഷനുള്ളവയായുണ്ട്. ഇതുവരെ 6 കോടി മതിക്കുന്ന സോഫ്റ്റ്വെയര് സംഭാവനകള്‍ ബിഗ്ടെക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ മൈക്രോസോഫ്റ്റ് ഓഫീസിന്റെ 2003, 2007 വേര്‍ഷനുകള്‍ നല്കിയതും ഉള്‍പ്പെടുന്നു.
സോഫ്റ്റ്വെയര് പൈറസി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സൗജന്യസേവനം എന്നാണു മൈക്രോസോഫ്റ്റിന്റെയും ബിഗ്ടെക്കിന്റെയും ഉന്നതര്‍ പറയുന്നതെങ്കിലും, പൈറസിയേ ആവശ്യമില്ലാത്ത സ്വതന്ത്രസോഫ്റ്റ്വെയര് ലോകത്തെ കീഴടക്കാതിരിക്കാനുള്ള ഉപജാപകമായിട്ടേ ഈ നീക്കത്തെ പലരും കാണുന്നുള്ളൂ.








