ഒടുവില്‍ പ്രധാന മന്ത്രിയും സംസാരിച്ചിരിക്കുന്നു. അതിര്‍ത്തി സംഘര്‍ഷത്തിനിടെ രണ്ടു ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട് സ്ഥിതിഗതികള്‍ വഷളായി ഒരാഴ്ചയ്ക്കു ശേഷം ഇനി പാക്കിസ്ഥാനുമായി കാര്യങ്ങള്‍ പഴയ പടി തുടരാനാവില്ലെന്നാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ് ദില്ലിയില്‍ വച്ച് ജനുവരി 15ന് പറഞ്ഞത്. ഇതോടെ താത്കാലികമായെങ്കിലും ഇന്ത്യാ-പാക് ബന്ധത്തിന് വരുംനാളുകളില്‍ കാര്യമായ ക്ഷതമേല്ക്കുമെന്നുറപ്പായി. കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനുമായി ഒപ്പു വച്ച വീസ കരാര്‍ നടപ്പില്‍ വരുത്തുന്നത് ഇന്ത്യ വൈകിക്കുന്നതും, ഇന്ത്യയിലേക്കെത്തിയ പാക്കിസ്ഥാന് ഹോക്കി കളിക്കാരെ കളിക്കാനനുവദിക്കാതെ തിരിച്ചയച്ചതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. ഒപ്പം, വ്യോമസേനാ മേധാവിയും, കരസേനാ മേധാവിയും, ഉത്തരമേഖല ജനറലുമുള്പ്പെടെയുള്ള സൈനിക നേതാക്കളുടെ യുദ്ധവെറി നിറഞ്ഞ പ്രസ്താവനകളും, ഒരു തലക്കു പകരം പത്തു പാക്കിസ്ഥാനി തലകള്‍ കൊണ്ടു വരണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും കൂടെയായപ്പോള്‍ ചിത്രം പൂര്‍ണമായി.