സോഷ്യല്‍ മീഡിയയിലെ മറ്റു സൈറ്റുകളെ അപേക്ഷിച്ച് ഫേസ്ബുക്കും ട്വിറ്ററും എത്തിയപ്പോള്‍ കണ്ട പ്രധാന വ്യത്യാസം ആര്‍ക്കും എന്തിനെതിരേയും ഏതു തരത്തിലും പ്രതികരിക്കാമെന്നതും, അത് അനേകമാളുകള്‍ തങ്ങളുടെ സ്ക്രീനിനു മുന്നില്‍ കാണുമെന്നതാണ്. ഒരു തരത്തില്‍ ഇവ രണ്ടും ആളുകളുടെ പ്രതികരണശേഷി വര്‍ധിപ്പിച്ചുവെന്നു തന്നെ പറയാം. ഇന്ത്യയില്‍, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും കൂടുതല്‍ ജനകീയമായത് ഫേസ്ബുക്കാണ്, ട്വിറ്ററിനെ അപേക്ഷിച്ച്. പ്രമുഖ ചാനലുകളും പത്രങ്ങളും അവരുടെ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതിലേക്ക് നേരിട്ട് ഒട്ടേറെ പ്രതികരണങ്ങളെത്തിത്തുടങ്ങി. നാമെല്ലാമുള്‍പ്പെടുന്ന സമൂഹികജീവികള്ക്ക് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുവാനും രോഷം പ്രകടിപ്പിക്കുവാനുമെല്ലാം പറ്റിയ ഒരു വേദി ഉണ്ടായിരുന്നില്ലയെന്നു തന്നെ പറയാം; ഉള്ളതാവട്ടെ വളരെ ചെറിയ അവസരങ്ങള്‍ മാത്രവും. അതു പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനായി മിനക്കെടേണ്ട അവസ്ഥ. മാത്രമല്ല നമ്മുടെ പ്രതികരണങ്ങള്‍ക്കുള്ള 'പ്രതികരണങ്ങള്‍' എങ്ങനെയാകുമെന്ന് പേടിയും കൂട്ടിനു.















