ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ, ഡിസംബർ 16 നു നടന്ന കൂട്ട റേപ്പ് , ഇന്ത്യയുടെ റേപ്പ് ചരിത്രത്തിൽ മാത്രമല്ല ഇന്ത്യയുടെ ജനകീയ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലാകുന്നു എന്നതു അസ്വാഭാവികമല്ല; പൊലീസിന്റെ ലാത്തിയേയും ജലപീരങ്കിയേയും ചൂരവടിപ്രയോഗങ്ങളെയും ചവിട്ടിനെയും അടിയേയും അതിജീവിച്ച്, ഡൽഹിയിലെ സാധാരണ ജനങ്ങൾ നടത്തിയ നിലയ്ക്കാത്ത പ്രതിഷേധമാണ് അതിനു കാരണം. പ്രധാനമന്ത്രി മന്മോഹൻ സിംഗും, പ്രസിഡന്റ് പ്രണാബ് മുഖർജിയും പ്രസ്താവനകളിറക്കി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ചു. കൂട്ട ബലാത്സംഗമന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനായി. എന്നിട്ടും ഡൽഹിയുടെ മുഖ്യമന്ത്രി, ഷീലാ ദീക്ഷിത് പെൺകുട്ടിയെ സന്ദർശിക്കാൻ മടിച്ചു എന്നു കേൾക്കുന്നു. ശേഷം, വിദഗ്ദ്ധ ചികിത്സയ്ക്കായി അവരെ സിംഗപ്പൂരിലേക്കു കൊണ്ടു പോയി. ഒടുവിൽ ഇതാ അവളെ രക്ഷിക്കാൻ സിംഗപ്പൂർ മെഡിക്കൽ റ്റീമിനും കഴിയാതെ വന്നു, അവൾ മരിച്ചു.
















