എന്റെ പിതാവിന്റെ അസുഖം കൂടിക്കൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ കടയില്‍ പോകുകയെന്നത് എന്റെ ജീവിതചര്യയായിക്കൊണ്ടിരുന്നു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ഇനി എന്റെ ഊഴം. എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞിരുന്നു. പരസ്പരം അറിയുന്ന വീട്ടുകാര്‍. ജ്യേഷ്ഠന് ജോസ് പ്രകാശിന്റെ ഭാര്യ ചിന്നമ്മ - ഞങ്ങള്‍ ചേച്ചി എന്നു വിളിച്ചിരുന്നു- യാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. അങ്ങനെ 1968 ഡിസംബര്‍ 30 ന് ഞാനും ഡെയ്സിയും കോട്ടയം ലൂര്ദുപള്ളിയില് ഭാര്യാഭര്ത്താക്കന്മാരായി. ഈ സമയത്ത് തന്നെ ഡെയ്സിക്ക് കോട്ടയം ബി.സി.എം. കോളജില്‍ ലക്ചററായി ജോലി കിട്ടിയിരുന്നു.
















