മലയാളത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേര്‍ത്ത് നവതരംഗമെന്നും ന്യൂ ജനറേഷന് സിനിമയെന്നും മള്‍ട്ടിപ്ലക്സ് വിപ്ലവമെന്നും വിളിച്ചുവരികയാണ്. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്, കേട്ടുപരിചയിച്ചതില്‍നിന്നു വ്യത്യസ്തമായ കഥകള്‍, നായകപ്രാമുഖ്യമില്ലാത്ത ഇതിവൃത്തഘടനകള്‍, ഛായാഗ്രഹണത്തിലും ദീപസംവിധാനത്തിലും എഡിറ്റിംഗിലും സന്നിവേശിക്കപ്പെടുന്ന പുതുശൈലികള്‍, കുറഞ്ഞ മുതല്‍മുടക്ക് എന്നിവകള്‍ ഈ ചിത്രങ്ങള്‍ക്കു പൊതുവായുണ്ട്.















