തൊഴിലാളി വര്‍ഗം
അധികാരമേറ്റാല്‍
അവരായി പിന്നെ
അധികാരി വര്‍ഗം
അധികാരമപ്പോള്‍
തൊഴിലായിമാറും
അതിനുള്ള കൂലി
മുതലാളി വാങ്ങും
(ബാലചന്ദ്രന് ചുള്ളിക്കാട്)
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങള്‍ എന്നാണു ചൊല്ല്. ലെജിസ്ളേറ്റീവും ജുഡീഷ്യറിയും അല്പ സമയം കഴിഞ്ഞാല്‍ ചീഞ്ഞുനാറുമെന്നും അപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ മാലാഖയായി അവതരിക്കുമെന്നും ഉറക്കമൊഴിഞ്ഞും ജനാധിപത്യത്തിന് കാവല്‍ നില്‍ക്കുമെന്നും ആ കാവലിന്റെ തിണ്ണ ബലത്തില്‍ ജനാധിപത്യം വളര്‍ന്നു പന്തലിച്ചു ഭൂലോകം ഒരു മാവേലി നാടു വാണീടും കാലവും ദേശവുമായിത്തീരുമെന്നുമാണ് ഈ ചൊല്ലിന്റെ വിശദീകരണക്കുറിപ്പ്. അതെന്തായാലും ഈ അപസര്‍പ്പക കഥയെയാണ് ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ മാദ്ധ്യമപ്രവര്‍ത്തകരും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിര കയറാന്‍ മാദ്ധ്യമ മുതലാളിമാരും കാലങ്ങളോളമായി ആശ്രയിച്ചു പോരാറുള്ളത്.


















