സി പി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത്രം കണ്ടു ശീലമുള്ള ഇന്നത്തെ ഭരണവര്‍ഗത്തിനെ ഞെട്ടിച്ചിട്ടുണ്ട് എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മിനെ കുറ്റം പറഞ്ഞു മാത്രം ശീലമുള്ള അനുഭവഹീനരായ മറ്റൊരു വിഭാഗത്തിനാകട്ടെ ആകെക്കൂടി വെപ്രാളവും മോഹഭംഗവും. ഇവരില്‍ മഞ്ഞപ്പിത്തം പോലെ കമ്മ്യൂണിസ്റ്റു-വിരുദ്ധത കൊണ്ട് നടക്കുന്നവരുണ്ട്; സ്വത്വവാദത്തിന്റെ ധര്‍മോപദേശകരുണ്ട്; നല്ല ഉദ്ദേശ്യത്തോടു കൂടിയവരെങ്കിലും വഴിപിഴച്ചു പോയവരുണ്ട്. ഇവരെല്ലാം കൂടി ചേര്‍ന്ന് ഈ ഭൂസമരത്തെ ഇകഴ്ത്താന്‍ ആവേശം കൊള്ളുകയാണ്.


















