ക്രൈം വാര്‍ത്തകളില്‍ വര്‍ത്തമാനപ്പത്രങ്ങളെ വിശ്വാസത്തിലെടുക്കുംപോലെ മണ്ടത്തരം വേറൊന്നുമില്ല. ഫാക്ച്വല് റിപ്പോര്‍ട്ടിങ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ബീറ്റാണതു്. പൊലീസ് സോഴ്സ് പറയുന്നതെന്താണോ, അതാണു് ക്രൈം വാര്‍ത്ത. മള്‍ട്ടിപ്പിള്‍ സോഴ്സുകളെ ഉപയോഗിക്കുകയാവട്ടെ, സംശയങ്ങളുന്നയിക്കുകയാവട്ടെ, ഒന്നുമില്ല. പൊലീസ് ഭാഷ്യം അതേപടി വിഴുങ്ങിയശേഷം കഴിയുമെങ്കില്‍ മാദ്ധ്യമവിചാരണകൂടി ഫിറ്റ് ചെയ്തുകൊടുക്കുക. പൈങ്കിളിവാരികകളിലെ അപസര്പ്പകറിപ്പോര്ട്ടുകളെ വെല്ലുന്ന രീതിയിലാണു് ഇന്നിപ്പോള്‍ മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും ക്രൈം റിപ്പോര്‍ട്ടിങ് നടക്കുന്നതു്. ലേഖകന്റെ അനുമാനങ്ങളും കഥയെഴുത്തുസാമര്ത്ഥ്യവും അനുസരിച്ചു് എരിവും പുളിയുമേറും. വായിക്കുന്നവര്‍ എഴുതിയതപ്പാടെ വിശ്വസിക്കണമെന്ന നിര്‍ബന്ധബുദ്ധി ഓരോ വാചകത്തിലുമുണ്ടാവും. പൊതുബോധനിര്‍മ്മിതികളെ ഊട്ടിയുറപ്പിക്കുക എന്നതില്‍ക്കവിഞ്ഞു് മാദ്ധ്യമങ്ങള്‍ക്കു് മറ്റൊരജണ്ടയുമില്ലെന്നു തോന്നും.