ഇത് ജോണ്സണ്മാഷെക്കുറിച്ചുള്ള ഒരനുസ്മരണക്കുറിപ്പല്ല. അതുകൊണ്ടുതന്നെ മലയാള സാംസ്കാരികച്ചന്തസ്ഥലത്തു നിന്നുകൊണ്ടുള്ള ഒരു കണ്ണീര്വീഴ്ത്തലുമല്ല. ചില കണ്ണീര്മുതലകളെ കരയ്ക്കുനിന്നുകൊണ്ടു ചൂണ്ടിക്കാണിക്കാനുള്ള ശ്രമം മാത്രം. വെള്ളത്തിലിറങ്ങാനോ തീരത്തോട്ടു കൂടുതല്‍ അടുക്കാനോ നിര്‍വാഹമില്ല. കാരണം, ഈ കടവിലെ മുതലകള്‍ ഭയങ്കരന്മാരാണ്. മുതല പിടിച്ചൊരു ജീവിതമായിപ്പോകും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നവന്റേത്. അതുകൊണ്ടുതന്നെ മുതലയെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ ഒരു മുതലക്കണ്ണോ ശല്ക്കമെഴുന്ന ഒരു മുതലവാലോ മാത്രമായിരിക്കും ചൂണ്ടികളാകുക. അതുകണ്ടിട്ട്, അതുമുതലയാണെന്നും ഏതു മുതലയാണെന്നും മനസ്സിലാക്കാനാകുന്നവര് മനസ്സിലാക്കുക. അല്ലാത്തവര്‍, എവിടെയെവിടെയീ മുതലകള്‍ എന്നു മുതലപ്പുറത്തിരുന്നു മുതലക്കണ്ണീര് വാര്‍ത്തേ പോകുക...