#പുരോഗതി

എന്താണ് മലയാളിയുടെ സംസ്കാരം

08 Nov, 2018

ഒരു സമൂഹത്തിൽ പരക്കെ പ്രചാരത്തിലുള്ള ജീവിതരീതികൾ, പൊതുസ്വഭാവങ്ങൾ, ഭാഷ, വസ്‌ത്രധാരണരീതി, കല-സാഹിത്യ-കായിക ഇനങ്ങൾ, ഭക്ഷണം, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ഐതീഹ്യങ്ങൾ, വിനോദങ്ങൾ, വ്യവസ്ഥിതികൾ, നിയമങ്ങൾ തുടങ്ങിയ ഒരുപാടു കാര്യങ്ങൾ കൂടിച്ചേരുന്നതാണ് അവിടത്തെ സംസ്കാരം. വേട്ടയാടിയും പെറുക്കിത്തിന്നും  മാത്രം ജീവിതം കഴിച്ചുകൂട്ടിയ മനുഷ്യർ ആദ്യമായി പൂർണ്ണമായൊരു സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമാകുന്നത് കാർഷികവൃത്തി ആരംഭിച്ച നദീതടങ്ങളിലാണ്. ചില പ്രത്യേക അടയാളചിഹ്നങ്ങളിലും വസ്തുക്കളിലുമാണ് സംസ്കാരത്തിന്റെ ആണിക്കല്ലെന്ന് രാഷ്ട്രീയമാനങ്ങളോടെ പലരും തീർപ്പു കൽപ്പിക്കുന്നെണ്ടെങ്കിലും സംസ്കാരമെന്നത് വാസ്തവത്തിൽ ആപേക്ഷികമായ, നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്ന ഒന്നാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തിലെ പ്രകടമായ ചില ഉദാഹരണങ്ങൾ എടുക്കാം. അന്നവിചാരം മുന്ന വിചാരം എന്നാണല്ലോ. ഭക്ഷണത്തിൽ നിന്ന് തന്നെ തുടങ്ങാം. ‘അരിയാഹാരം കഴിക്കുന്നവരാരും…’ എന്ന പ്രയോഗമൊക്കെയുണ്ടെങ്കിലും ചരിത്രം പരിശോധിച്ചാൽ അരി കേരളത്തിന്റെ പ്രധാനഭക്ഷണമാകുന്നത് താരതമ്യേന അടുത്തകാലത്താണ്. സമൂഹത്തിലെ ഉയർന്ന/സവർണ്ണരായ ഒരു വിഭാഗം മാത്രമാണ് അതുപയോഗിച്ചിരുന്നത്. ചാമ, തിന, കൂവരക്, മുതിര, പയറ് തുടങ്ങിയവ കൊണ്ടുള്ള കഞ്ഞിയോ പുഴുക്കോ ആയിരുന്നു വലിയൊരു വിഭാഗം ജനങ്ങളുടെ പ്രധാന ഭക്ഷണം. അതു കൂടാതെ മത്സ്യവും മാംസവും ധാരാളമായി ഉപയോഗിച്ചിരുന്നു.

ഭക്ഷണത്തിൽ തന്നെ ജാതീയമായ വേർതിരിവുകളുണ്ടായിരുന്നു. ഐതീഹ്യപ്രകാരം പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന് മേഴത്തോൾ അഗ്നിഹോത്രിയുടെ വീട്ടിൽ ഒത്തുകൂടുമായിരുന്ന വിവിധ ജാതിക്കാരായ മക്കൾ ശ്രാദ്ധമൂട്ടാനും, ശേഷം കഴിയ്ക്കാനുമായി കൊണ്ടുവന്നിരുന്ന വസ്തുക്കൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും. പാക്കനാർ കൊണ്ടു വന്ന പശുവിന്റെ അകിട് വലിച്ചെറിഞ്ഞശേഷം അതിലെ മുലക്കാമ്പ് കോവയ്ക്കയായി മാറിയ അത്ഭുതകഥയൊക്കെ അത് മനസ്സിലാക്കാനുള്ള ഉപാധിയാണ്.