#നവോത്ഥാനം

കേരളീയ നവോത്ഥാനം ഹിന്ദുമതനവീകരണ പ്രസ്ഥാനമായിരുന്നുവോ?

Daniel Chodowiecki/Wikimedia Commons

20 Nov, 2018

ശബരിമല വിഷയത്തിന്റെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ വിവിധ പരിപ്രേക്ഷ്യങ്ങളെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സമീപിക്കാനായിരുന്നു മലയാളം പോർട്ടൽ ഇതുവരെ ശ്രമിച്ചു കൊണ്ടിരുന്നത്, മുഖ്യമായും. അത് ഇപ്പോൾ പ്രതിഷേധക്കാർ തന്നെ കൈവിട്ട സ്ഥിതിക്ക് മലയാളവും പുതിയ ഒരു വിഷയത്തിലേക്ക് കടക്കുകയാണു.

ശബരിമല യുവതി പ്രവേശനവിധിയും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരേ കൊളുത്തി വിടപ്പെട്ട കലാപങ്ങളും ഒക്കെ ചേർന്ന് കലുഷിതമായ ഈ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ ഒരു കൈത്തിരി ബാക്കിയാവുന്നുണ്ട്. അത് ഈ പശ്ചാത്തലം ഉയർത്തിയ നവോത്ഥാനത്തെക്കുറിച്ചുള്ള ചിന്തകളാണു. മറ്റൊരു കാലത്തായിരുന്നുവെങ്കിൽ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത പൊതുജന ശ്രദ്ധ ഇപ്പോൾ ആ പ്രമേയത്തിനുണ്ട്. അതുപയോഗിച്ച് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള ഒരു ഡിസ്കോഴ്സ് തുടങ്ങിവയ്ക്കാൻ ശ്രമിക്കുന്നു.

നവോത്ഥാനം ഒരു വിഷയമായി ഉയർന്നു വരാൻ തുടങ്ങിയപ്പോൾ മുതൽ നടക്കുന്ന ശ്രമം അതിനെ ഒരു ഹിന്ദു മതനവീകരണ പ്രസ്ഥാനമായി ചുരുക്കി വായിക്കുക എന്നതാണു. എന്നാൽ നവോത്ഥാനം നടന്ന കേരളം ഒരു ഹിന്ദു മാത്ര സ്ഥാനം ആയിരുന്നുമില്ല. അന്ന് കേരളവുമില്ല, ഹിന്ദുവുമില്ല എന്നതാണു വാസ്തവം . അതങ്ങനെയായിരിക്കെ പിൽകാലത്ത് കേരളം എന്ന് അറിയപ്പെട്ട ഒരു ഭൂപ്രദേശത്ത് നടന്ന ഒരു സാമൂഹ്യ നവീകരണ പ്രസ്ഥാനമായിരുന്നു വാസ്തവത്തിൽ നമ്മൾ ഊറ്റം കൊണ്ട് പോരുന്ന കേരളീയ നവോത്ഥാനം.