#നവോത്ഥാനം

കേരള ക്രൈസ്തവ സഭയിലെ നവോത്ഥാനം

പാശ്ചാത്യ നാടുകളിൽ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും വളർച്ച നവോത്ഥാനത്തിലേക്കും, നവോത്ഥാനം നവീകരണത്തിലേക്കും കടക്കുകയാണ് ഉണ്ടായത്. ഐസക് ന്യൂട്ടൺ, കെപ്ലർ, കോപ്പർനിക്കസ് തുടങ്ങിയ ശാസ്ത്രജ്ഞർ ക്രിസ്ത്യൻ മതം പഠിപ്പിച്ച സൗരയൂഥ ഘടനയിലെ തെറ്റ് വെളിച്ചത്തു കൊണ്ട് വന്നു. എറാസ്മസ്, തോമസ് മൂർ, ഷേക്‌സ്‌പെയർ, ഡാന്റേ തുടങ്ങിയവർ സാഹിത്യ മേഖലയിൽ പുത്തൻ ചിന്തകൾ പ്രചരിപ്പിച്ചു. ഗുട്ടൻബെർഗ് ഇക്കാലത്തു തന്നെ അച്ചടി യന്ത്രം കണ്ടു പിടിക്കുകയും അത് വായനയേയും അറിവുകളെയും മുൻകാലങ്ങളെക്കാൾ സാധാരണക്കാരിൽ എത്തിക്കാൻ സഹായകമാവുകയും ഉണ്ടായി. കല ഡാവിഞ്ചിയിലൂടെ നവീനമായ ആസ്വാദന നിലവാരം കണ്ടെത്തി.

മേൽപറഞ്ഞ വികാസം ഒരു സാമൂഹ്യ മാറ്റത്തിൽ കലാശിച്ചു. അതുകൊണ്ടു തന്നെ ഈ പുതിയ സ്വത്വത്തിന്റെ അവകാശികളായി മാറിയ മനുഷ്യർ സാദ്ധ്യമാക്കിയ ആധുനിക സാമൂഹ്യ നിർമിതിയുടെ ചരിത്രം കൂടിയാണ് നവോത്ഥാനം എന്നു വിലയിരുത്താം. ആ മാറ്റം മതങ്ങളിലേക്കും പടർന്നു കയറി.

കേരളത്തിലെ നവോത്ഥാനം പാശ്ചാത്യനാടുകളിലെ പരിഷ്കരണത്തിന്റെ തുടർച്ചയാണ്. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക:

"പാശ്ചാത്യ സംസർഗം പുതിയ ലോക ബോധത്തെയും പുതിയ ആശയങ്ങളെയും ഉല്പാദിപ്പിച്ചിട്ടുണ്ട്. അത് കേരള പരിഷ്കരണത്തിന് കാരണം ആയിട്ടുണ്ട്‌."