#ആവിഷ്കാരസ്വാതന്ത്ര്യം

ഫലത്തിൽ നിരോധനം തന്നെ: അതുകൊണ്ട് ‘കിത്താബി’നൊപ്പം തന്നെ

‘കിത്താബ്’ നാടകവിവാദത്തിന്റെ നാൾവഴികൾ നിരീക്ഷിച്ചാൽ തുടക്കത്തിൽ ബഹുഭൂരിപക്ഷവും ‘കിത്താബി’നൊപ്പം ആയിരുന്നെങ്കിലും ഇപ്പോൾ അതു മാറി എന്തുകൊണ്ടു തങ്ങൾ കിത്താബിനൊപ്പമല്ല എന്നു വിശദീകരിക്കുന്ന എഴുത്തുകളും വന്നു തുടങ്ങിയിട്ടുണ്ട്.

കിത്താബിനെ പിന്തുണച്ചവർ മുഖ്യമായും സ്വീകരിച്ചതു രണ്ടു വഴികളായിരുന്നു: ഒന്ന് മറ്റെന്തു പരാധീനതയുണ്ടായാലും ആവിഷ്കാരസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനൊപ്പം നിൽക്കണം എന്ന നിലപാടിന്റെ വഴി. രണ്ടാമത്തേത് ആദ്യത്തെ കാരണംകൊണ്ടു തന്നെയുണ്ടായ, എന്നാൽ അതിവൈകാരികമായ പ്രതികരണങ്ങളുടെ വഴി. പലപ്പോഴും കിത്താബിനെ ചാരി ഇടതുപക്ഷത്തെ അടിക്കുക എന്ന നിലയിലേയ്ക്കു പോലും അതു വികസിച്ചു.

‘കിത്താബ്-പക്ഷ’ അതിലിബറൽ വിമർശനങ്ങൾ

മീശവിവാദത്തിൽ ഉണ്ടായതുപോലെ ഒരു ഒച്ചപ്പാടും ബഹുജനപിന്തുണയും ‘കിത്താബ്’ പ്രശ്നത്തിൽ ഉണ്ടായില്ല. അതു ലിബറൽ ജനാധിപത്യവാദികളുടെ ‘രാഷ്ട്രീയശരിവാദ’ഭയം മൂലമാണ്, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ശക്തിയോടു കോർക്കാൻ ഭയമായതുകൊണ്ടാണ് എന്നൊക്കെയാണു വിമർശനങ്ങൾ. സംസ്ഥാന കലാവേദിയിൽ നാടകം അവതരിപ്പിക്കാനാവാതെ ആ കുട്ടികൾ വിതുമ്പുന്ന ചിത്രങ്ങൾ, ദൃശ്യങ്ങൾ പുറത്തു വന്നതോടെ അവ മറ്റൊരു മാനം തന്നെ കൈവരിച്ചു. വിദ്യാഭ്യാസവകുപ്പു മന്ത്രി വഴി സർക്കാർ ആയി അതോടെ വില്ലൻ.