#സാഹിത്യം

അരുൺ പ്രസാദിന്റെ കവിതയും ഓസി ഡിയും കുലസ്ത്രീയും

അരുൺ പ്രസാദ് എഴുതിയ ‘ഒ സി ഡി‘ എന്ന കവിതയും അതിനോടുള്ള പ്രതികരണം എന്ന നിലയിൽ ജിസാ ജോസ് എഴുതിയ കവിതയും കണ്ടു. പ്രസ്തുത കവിതകൾ രണ്ടും സ്വഗതാഖ്യാനങ്ങളാണ്, നാടകീയ സ്വഗതാഖ്യാനങ്ങൾ. സ്വന്തം മനോനിലയും പ്രവർത്തികളും മാത്രമല്ല, മറ്റൊരാളിന്റെ, അയാളുടെ പ്രത്യക്ഷവും പരോക്ഷവുമായ സാന്നിദ്ധ്യത്തിന്റെ ആഖ്യാനം അവയിലുണ്ട്. വിവാഹമോചനത്തിനു ശേഷം ഭർത്തൃഗൃഹം സന്ദർശിക്കുന്ന ഭാര്യയാണു രണ്ടു കവിതകളിലെയും കേന്ദ്രബിന്ദു. അവരാണ് ആഖ്യാതാക്കൾ. ഭർത്താക്കന്മാരാകട്ടെ നിശബ്ദ സാന്നിധ്യങ്ങളും.

ഇതിൽ ഒരു കവിത മറ്റേ കവിതയുടെ മോഷണമല്ല. അങ്ങനെ ഒരു ആരോപണമേ ആരും ഉന്നയിക്കുന്നുമില്ല. അതുകൊണ്ട് ഇരുകവിതകളും തമ്മിലുള്ള മുകളിൽ പറഞ്ഞ സമാന്തരങ്ങൾ സാധാരണഗതിയിൽ സംഘർഷത്തിലാകേണ്ട കാര്യവുമില്ല. എന്നിട്ടും അവയെ കേന്ദ്രീകരിച്ച് ഒരു വിവാദം ഉയർന്നുവന്നു.

.ജിസയുടെ കവിത തുടങ്ങുന്നത് ഈ മുഖവുരയോടെയാണു;

“ഡിവോഴ്സിനു ശേഷവും പഴയ ഭർത്താവിന്റെ വീട്ടിൽ അടിച്ചുതളിക്കാൻ പോകുന്ന OCD കുലസ്ത്രീയെപ്പറ്റിയുള്ള കവിത വായിച്ച ആവേശത്തിൽ എഴുതിപ്പോയത്.”