#സിനിമ

തീയേറ്ററിലെ മസ്തിഷ്കമരണം: ജോസഫിന്റെ അത്മീയ പാപാന്വേഷണ കഥ

തീയേറ്ററിൽ നൂറു ദിവസം തികച്ചു കളിച്ച 2018ലെ ഒരേയൊരു സിനിമയാണു ‘ജോസഫ്‘ എന്നു വിക്കിപീഡിയ പറയുന്നു. എന്നാൽ വെറുമൊരു ബോക്സോഫിസ് ഹിറ്റു മാത്രമല്ല, കലാമൂല്യവും ആനുകാലിക പ്രസക്തിയുമുള്ള ഒരു സിനിമ കൂടിയാണതെന്നു വിവിധ റിവ്യൂകളും പറയുന്നു. നിർമ്മാതാവു കൂടിയായ സിനിമയിലെ നായകൻ ജിജോ ജോസഫിനു മികച്ച നടനുള്ള അവാര്‍ഡ് കൂടി ലഭിച്ചതോടെ ‘ജോസഫ്‘ വാര്‍ത്തകളില്‍ നിറയുകയാണ്.

1988 മുതൽക്കേ സിനിമാരംഗത്തുള്ള എം പദ്മകുമാർ ആണു സംവിധാനം. നായകനടനും നിർമ്മാതാവുമായ ജിജൊ ജോസഫും 95 മുതൽക്കേ രംഗത്തുള്ള ആൾ. കഥയെഴുതിയ ഷാഹി കബീര്‍ മാത്രമാണ് ഈ കൂട്ടുകെട്ടിലെ കന്നിക്കാരന്‍. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹത്തിന്റെ ഒരു വ്യക്തിഗത അനുഭവമാണു സിനിമയ്ക്ക് പ്രചോദനമായത് എന്നും കേള്‍ക്കുന്നു.

‘ജോസഫ്‘ നമ്മുടെ സിനിമയിലെ പല നടപ്പുശീലങ്ങളെയും തെറ്റിക്കുന്നുണ്ട്. സാധാരണ കുറ്റാന്വേഷണ സിനിമകളില്‍ കണ്ടുവരുന്ന പൊലീസുകാര്‍ കോമേഡിയന്മാരാവുന്ന പതിവാണ് അതില്‍ പ്രധാനം. ക്രൈം സീന്‍ ഒന്നു കണ്ടാല്‍ തന്നെ കുറ്റവാളിയെ മണത്തറിയുവാനുള്ള ശേഷിയും പരിചയസമ്പത്തും കാരണം റിട്ടയര്‍ ചെയ്ത ശേഷവും പല ഓഫീസര്‍മാരും അനൌദ്യോഗികമായി സേവനം തേടിപ്പോരുന്ന ജോസഫ് ഒരു റിട്ടയര്‍ ചെയ്ത പോലീസുകാരനോ, പരമാവധി ഒരു ‘ഏഡോ‘ ആവാനേ തരമുള്ളു. ഒരു സാദാ പൊലീസുകാരന്‍ നായകനാവുന്ന പൊലീസ് സിനിമകള്‍ അത്ര സാധാരണമല്ലല്ലോ.