#സിനിമ

പിതാവായ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം: അതാണു കമ്പോളനവതരംഗത്തിലെ “മിഖായേലുകളെ“ സൃഷ്ടിക്കുന്നത്

അടുത്ത വീട്ടിലെ തെറിച്ച പയ്യന്മാർ. അവരിൽ ചിലർ ക്ളീൻ ഷേവായിരിക്കും. കുറച്ചു കഴിയുമ്പോൾ വടിച്ച മുഖം താടികൊണ്ടു മറച്ചു ടഫാക്കും. എന്നാലും മൃദുലമാമൊരു മനം അതിനു പിന്നിൽ തുടിക്കും. കുറെക്കൂടി കഴിഞ്ഞു വീണ്ടുവിചാരത്തിനിരുത്തം വരുമ്പോൾ മധ്യമാർഗ്ഗം സ്വീകരിച്ചു മീശ മാത്രമാക്കും.

വടക്കൻ സെൽഫി മുതൽ പ്രേമം വരെ നിവിൻ പോളിയുടെ നായക ഇമേജ് ഈ തെറിച്ച പയ്യന്റെയായിരുന്നു. ഇടയ്ക്ക് ഇറങ്ങിയാ ആക്ഷൻ ഹീറോ ബിജുവും ഒരു തെറിച്ച പയ്യന്റെ വളഞ്ഞ വഴിയിലുള്ള നീതിനിർവഹണങ്ങളുടെ കഥയായിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അയാളെ പുത് എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്ന പുത്രനായി.

2017ൽ ഇറങ്ങിയ റിച്ചിയാണു നിവിനെ മലയാള സിനിമയുടെ നടപ്പു ശീലങ്ങൾ അനുസരിച്ചുള്ള ലക്ഷണമൊത്ത ഒരു അതിമാനുഷ നായക കഥാപാത്രമാക്കിയത്. പുള്ളി ഒടുക്കം വെടികൊണ്ടു ചാവുന്നുണ്ടെങ്കിലും റിച്ചി ഇമ്പാക്റ്റ് മരിക്കുന്നില്ല. അതിന്റെയൊരു തുടർച്ചയാണു മിഖായേൽ. ചെറുകിട സിനിമകളിലെ അടുത്ത വീട്ടിലെ തെറിച്ച പയ്യൻ ഇമേജിൽ നിന്നും ശരിക്കും ഒരു സൂപ്പർ താരപരിവേഷത്തിലേക്കു നിവിനെ മാറ്റാൻ ലക്ഷ്യമിടുന്ന സിനിമ.