#നിരീക്ഷണം

ചുള്ളിക്കാടു മുതൽ വിനായകനും കലാസ്വാദകരും വരെ ഓർക്കാൻ; ഒ എം കെ വിയെന്നത് ഒരു ചെറിയ പ്രയോഗമല്ല

കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ രോഗബാധിതനായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഫെയ്സ്ബുക്കിൽ വലിയ വാർത്തയായിരുന്നല്ലോ. പ്രസ്തുതവിവരം അറിയിച്ചവരോട് അയാളെ ഏറ്റെടുക്കാൻ താൻ തയ്യാറല്ല എന്നു ബാലചന്ദ്രൻ പറഞ്ഞത്രേ. അതോടെ പ്രതികരണങ്ങളും പൊടിപൊടിക്കാൻ തുടങ്ങി. എങ്കിൽ നരാധമനായ കവിയുടെ കവിതകളെ ഇനി ഞങ്ങളും ഏറ്റെടുക്കില്ല എന്നായി ഒരു വിഭാഗം. ഇയാളൊ നമ്മൾ വാഴ്ത്തിയ മഹാകവി എന്നു ധാർമ്മിക രോഷം കൊണ്ടു മറ്റൊരു വിഭാഗം.

ഇവിടെ അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന വ്യക്തി സ്വസഹോദരൻ രോഗിയും നിരാലംബനുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല എന്നതിലെ ധാർമ്മികരോഷം. രണ്ട്, ഇത്തരത്തിൽ മനുഷ്യാവസ്ഥയോടു നിർദ്ദയമായി പ്രതികരിക്കുന്ന ഒരാളുടെ കവിതകളെയാണു മഹത്തരം എന്നു നമ്മൾ വാഴ്ത്തി പോന്നിരുന്നത് എന്നതിലെ വീണ്ടുവിചാരം. രണ്ടിനെയും രണ്ടായി എടുത്ത് നമുക്ക് പരിശോധിക്കാം.

രോഗിയും നിരാലംബനുമായി തെരുവിലായ ഒരാളെ നിർദ്ദയം കൈവെടിയുന്നത് ശരിയായ പ്രവർത്തിയല്ല, അത് ഏതു വഴിപോക്കൻ ചെയ്താലും അതിൽ ഒരു രാഷ്ട്രീയ ശരികേടുണ്ട്. പക്ഷേ അവർക്ക് അവരുടെതായ പരിമിതികളുണ്ട്. നിരാലംബരായ എല്ലാവരെയും ഏറ്റെടുക്കുക എന്നതു വ്യക്തികളല്ല, സർക്കാരാണു ചെയ്യേണ്ടത് എന്നു പറയാം. എന്നാൽ സഹോദരനൊ, മകനോ, അച്ഛനോ എന്തിനു സുഹൃത്തിനോ, സഹപാഠിക്കോ, സഹപ്രവർത്തകനൊ പോലും അങ്ങനെ ഒരു കയ്യൊഴിയൽ സാധ്യമല്ല. കാരണം അവർ തമ്മിൽ ഒരു ബന്ധം നിലനിന്നിരുന്നു. അതിന്റേതായ കൊടുക്കൽ വാങ്ങലുകൾ അതിലുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അങ്ങനെ വാങ്ങിയും കൊടുത്തും കഴിഞ്ഞിരുന്നവർക്കിടയിൽ ഒരാൾ തകരുമ്പോൾ ആയാളെ തെരുവിൽ ഉപേക്ഷിക്കുകയല്ല വേണ്ടത്.