#കപടവാർത്ത

വ്യാജവാര്‍ത്തായുഗം താനേ മായുമോ?

വസ്തുതയെ മറച്ച് വ്യാജത്തെ പുൽകുന്ന വാർത്താലോകമാണു നമ്മുടേത്

വ്യാജവാര്‍ത്തയുടെ കാലം ആണല്ലോ ഇത്. ഏതു വിഷയത്തിലും വ്യാജവാര്‍ത്ത സര്‍വസാധാരണം ആയിരിക്കുന്നു. മികച്ച പ്രധാനമന്ത്രി എന്നൊക്കെയുള്ള ഇല്ലാത്ത അവാര്‍ഡുകള്‍ ഉണ്ടെന്ന്, ആളുകള്‍ പറഞ്ഞു നടക്കുന്നു. ചിലര്‍ വ്യാജവാര്‍ത്തകളിലെ പതിര് തുറന്നു കാണിക്കുന്നു. പക്ഷെ, ഒരു കുറവും ഇല്ലാതെ വീണ്ടും പലതരം വ്യാജവാര്‍ത്ത വരുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണുന്നത് വിശ്വസിക്കണോ എന്നു തീരുമാനിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

ഇതിനിടെ പലരും പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാദം ആണ്: വ്യാജവാര്‍ത്തയുടെ യുഗം ഒരു പ്രളയമോ കൊടുങ്കാറ്റോ പോലെയാണത്രെ. അത് ശക്തിയില്‍ വീശി പോകുമത്രേ. അത് കഴിഞ്ഞാല്‍ വീണ്ടും നാം വ്യാജവാര്‍ത്ത ഇല്ലാത്ത നാളുകളിലേക്ക് തിരികെയെത്തും, ജീവിതം മുന്നോട്ടു പോകും.

അങ്ങനെ ആയാല്‍ നന്ന് എന്ന കാര്യത്തില്‍ നമുക്ക് യോജിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ, ഒന്നും ചെയ്യാതിരുന്നാല്‍ പെയ്തൊഴിഞ്ഞു പോകുന്ന ഒരു പേമാരി ആണോ വ്യാജവാര്‍ത്ത? അതോ അത് പുതിയ കാലത്തിന്റെ സഹജമായ ഒരു സ്വഭാവം ആണോ?