മലയാളം തിരിച്ചെത്തുന്നു; ചരിത്രവും രാഷ്ട്രീയവും പറയാൻ

2009 ഒക്ടോബർ മാസത്തിലാണ് malayal.am എന്ന വെബ് പോർട്ടലിന്റെ പണി ആരംഭിക്കുന്നത്. 2010 ഏപ്രിൽ 04 ഞായറാഴ്ച ഞങ്ങൾ പ്രസിദ്ധീകരണം തുടങ്ങി.

മലയാളത്തിലെ ഓൺലൈൻ സംരംഭങ്ങളുടെ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനം മലയാളത്തിന് അർഹതപ്പെട്ടതാണ്. മലയാളഭാഷയിലെ ഒരു പ്രതിദിന വാർത്താ പോർട്ടലിൽ ആദ്യമായി സുദീർഘ ലേഖനങ്ങൾ (long-form stories) പരീക്ഷിച്ചു വിജയിച്ചത് ഇവിടെയാണ്. മൂന്നുഖണ്ഡികകയ്ക്കപ്പുറം ആരും ഓൺലൈനിൽ വായിക്കില്ല എന്ന മിഥ്യാധാരണ ഞങ്ങൾ തിരുത്തി. ഓരോ സ്റ്റോറികളും ധാരാളം പങ്കുവയ്ക്കപ്പെടുകയും കമന്റ് ചെയ്യപ്പെടുകയും ഉണ്ടായി. അതോടെ മലയാളത്തെ അനുകരിച്ച് മറ്റു വെബ് പോർട്ടലുകളും അതേ വഴി സ്വീകരിച്ചു.

അപ്പപ്പോൾ പൊട്ടിപ്പുറപ്പെടുന്ന വാർത്തകളെക്കാൾ ഞങ്ങൾ അന്നു ശ്രദ്ധിച്ചത് വിശകലനങ്ങൾ, നിരീക്ഷണങ്ങൾ, നിരൂപണങ്ങൾ തുടങ്ങിയവയിലായിരുന്നു. എന്നാൽ അവയിൽ ഒരു സമകാലികത നിലനിർത്താൻ ശ്രദ്ധിക്കയും ചെയ്തു. അതിനുമുമ്പ് ഏതാനും വെബ് മാഗസിനുകളിൽ അത്തരത്തിലുള്ള സ്റ്റോറികൾ വന്നിരുന്നെങ്കിലും അവയൊക്കെ മാസത്തിലൊരിക്കൽ മാത്രം അപ്ഡേറ്റ് ചെയ്യുന്നവയായിരുന്നു.

നാലുവർഷത്തിനു മീതെ ഈ സംരംഭം തടസ്സമില്ലാതെ പ്രവർത്തിച്ചു. പരസ്യങ്ങൾ സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എഡിറ്റോറിയൽ പണിയല്ലാതെ മറ്റൊരു പണി അറിയാവുന്നയാരും അന്നു ഞങ്ങളുടെ ടീമിൽ ഇല്ലായിരുന്നു. അങ്ങനെ വരുമാനരഹിതമായി പോകാവുന്ന പരമാവധി നാളുകൾ ഞങ്ങൾ പ്രവർത്തിച്ചുവെന്നു പറയാം.