മലയാളം വീണ്ടുമെത്തുമ്പോൾ: പുതിയ എഡിറ്റർക്കു പറയാനുള്ളത്

മലയാളം മടങ്ങിവരികയാണ്. മലയാളത്തിലെ ആദ്യകാല വെബ്പോര്‍ട്ടലുകളില്‍ ഒന്ന് എന്ന നിലയില്‍ 2010 മുതല്‍ 2014 വരെ സജീവമായി നിലനിന്നിരുന്ന മലയാളം പിന്നീട് മന്ദീഭവിക്കുകയും താമസംവിനാ നിഷ്ക്രിയമാവുകയും ചെയ്തു. പുതിയ ഒരു എഡിറ്റോറിയൽ ടീമുമായി അതിപ്പോൾ മടങ്ങി വരുമ്പോൾ ഏതു സംരംഭത്തിലുമെന്നപോലെ സാധ്യതകളും വെല്ലുവിളികളും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടാവണം അത് എന്ന് കരുതുന്നു.

മലയാളം നിലനിന്നിരുന്ന നാലുകൊല്ലം കൊണ്ട് നേടിയ ഒരു ലെഗസിയുണ്ട്. അത് ഇപ്പോഴും മങ്ങിയിട്ടില്ല എന്നാണ് ഈ വാർത്ത അറിയിച്ചുകൊണ്ട് ഫൗണ്ടർ എഡിറ്റർ ആയ സെബിൻ എഴുതിയ ആമുഖത്തിനുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അത്തരം ഒരു പോർട്ടലിന്റെ സാംസ്കാരിക പ്രസക്തിയാവട്ടെ ഏറിയിട്ടേയുള്ളൂ.

കേരളത്തിലെ ഇടതു സാംസ്കാരിക ലോകത്തിന് രണ്ടു ധാരകള്‍ ഉണ്ട്. ഒന്ന് ഇകണോമിക് ലെഫ്റ്റ്. രണ്ട് കള്‍ച്ചറല്‍ ലെഫ്റ്റ്. പരമ്പരാഗത ഇടതു സംഘടനാ രൂപങ്ങള്‍ മിക്കവാറും എല്ലാം ഇതിലെ ആദ്യ വിഭാഗത്തില്‍പെടും: അവ തന്നെയും വേണ്ടത്ര ഇടതല്ല എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും. കള്‍ച്ചറല്‍ ലെഫ്റ്റ് ആകട്ടെ സാംസ്കാരിക സംവാദങ്ങളില്‍ നിരന്തരം നിലനില്‍ക്കുമ്പോഴും എന്ത് എന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഒന്നുമാണ്. ഈ വൈരുദ്ധ്യം പലപ്പോഴും ഇവയെ ഒരു വിരുദ്ധദ്വന്ദ്വം തന്നെ ആക്കി തീര്‍ക്കുന്നുമുണ്ട്.

അതായത് സാംസ്കാരിക ഇടതുപക്ഷം എന്നു പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന ധാര പ്രയോഗത്തില്‍ പലപ്പോഴും മുഖ്യധാരാ ഇടതു സംഘടനകളെ തകര്‍ക്കുവാനുള്ള ഒരു വലതു പദ്ധതിയായി നിലനില്‍ക്കുന്നു എന്ന്. ഈ അവസ്ഥ ഇന്നൊന്നും ഉണ്ടായതുമല്ല. കേരളത്തിലെ പ്രമുഖ ഇടതു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി പി ഐ എമ്മില്‍ വിഭാഗീയത കത്തിനിന്ന കാലത്താണ് ഈ ദ്വന്ദ്വകല്പനയും അതിന്റെ ഉച്ചകോടിയില്‍ എത്തിയത്.