#ശബരിമല

ശബരിമല: എന്താണിനി നമ്മുടെ നിലപാട്?

ശബരിമല നടയടച്ചു. ഇതുവരെ നടന്ന സംഭവങ്ങളില്‍ ആര് ജയിച്ചു, ആര് തോറ്റു എന്ന അവസാനവട്ട കണക്കെടുക്കുകയായിരുന്നു മാധ്യമങ്ങള്‍ ഇന്നലെ. അതോടെ അവരും ശബരിമല ചര്‍ച്ചകളുടെ നട താല്‍കാലികമായി അടയ്ക്കുമെന്ന് കരുതാം.

ഈ കഴിഞ്ഞ ഒരാഴ്ചയിലധികമായി ‘മലയാള‘വും ചര്‍ച്ച ചെയ്തിരുന്നത് മുഖ്യമായും ഈ വിഷയം തന്നെയായിരുന്നു. അതുകൊണ്ട് ഞങ്ങളും അതിനെയൊന്ന് സംക്ഷിപ്തമായി വിലയിരുത്തി അതിന്റെ ഭാവി പ്രത്യാഘാതങ്ങളെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കൃത്യമായ നിലപാട് ഉണ്ടായിരുന്ന, അതില്‍ ഉറച്ചു നിന്ന മുന്നണി ഇടതു മുന്നണി മാത്രമായിരുന്നു. അതു ലിംഗപരമായ തുല്യതയുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ കോടതി എന്തു വിധിച്ചാലും അംഗീകരിക്കും എന്നും അവർ വ്യക്തമാക്കി. വിധി യുവതീ പ്രവേശനത്തിന് അനുകൂലമായിരുന്നു. അപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ ഇടതു സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എടുത്തു.