മലയിൽ നിന്ന് തുടങ്ങട്ടെ മടങ്ങിപ്പോക്ക്, ചരിത്രത്തിലേക്ക്
കരിയറിസം മാത്രമായി ചുരുങ്ങിയ വിദ്യാഭ്യാസത്തില്‍നിന്ന് ഒരുപകാരവുമില്ലാത്തത് എന്ന നിലയില്‍ ക്രമേണ നിഷ്കാസനം ചെയ്യപ്പെട്ട ഒരു വിഷയമുണ്ട്. ഒന്നും കിട്ടാത്തവര്‍ എന്തെങ്കിലുമാവട്ടെ എന്നു കരുതി പിന്തുടരുന്നതിനാല് മാത്രം നാമമാത്രമായെങ്കിലും നിലനില്‍ക്കുന്ന ഒന്ന്. ചരിത്രം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമ്പൂര്‍ണ്ണ സാക്ഷരത എന്ന നേട്ടം കൈവരിച്ചിട്ടും കഴിഞ്ഞ നൂറു കൊല്ലത്തെ ചരിത്രം പോലും അറിയാത്ത ഒരു തലമുറയായി നമ്മള് മാറിയിരിക്കുന്നു. ഇതിലൂടെ സംഭവിക്കുന്നത് നാം നമ്മുടെ ഭുതകാലത്തില്‍നിന്നും അറ്റുപോകുന്നു എന്നതാണ്. ഒപ്പം നമ്മുടെ ഭുതകാലത്തെ ആര്‍ക്ക് വേണമെങ്കിലും നിശ്ചയിക്കാം, നിര്‍മ്മിക്കാം എന്നതും. ആ അവസ്ഥയെ മുതലെടുത്തു കൊണ്ടാണ് അര നൂറ്റാണ്ടിലധികം മാത്രം പഴക്കമുള്ള നമ്മുടെ നവോത്ഥാനത്തെ പോലും അതില്‍ ഒരു പങ്കും വഹിക്കാത്ത, അതിനോട് എന്നും പുറം തിരിഞ്ഞ് നിന്നിട്ടുള്ള രാഷ്ട്രീയ ഹിന്ദു ഇത്ര ലളിതമായി കട്ടുകൊണ്ടു പോകുന്നത്.
നവോത്ഥാന നായകരുടെ തലയും പേരും മുദ്രണം ചെയ്ത കുറേ ഫ്ലക്സുകളും വച്ച് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു യാത്ര നടത്തിയാല്‍ മതി അതിനെ മൊത്തമായി തനിക്കാക്കാന്‍ എന്ന ഈ അവസ്ഥയുണ്ടായത് ചരിത്രത്തെ ഒരു അക്കാദമിക് വിഷയവും കരിയര്‍ ഒപ്പര്ച്യൂണിറ്റിയും മാത്രമായി കണ്ട ശീലം കൊണ്ടാണ്. അതില്‍ നിന്നും അവരവരുടെ ചരിത്രത്തെ, ഭൂതകാലത്തെ കുറിച്ചുള്ള സമഗ്രമായ ധാരണയിലേക്കു മടങ്ങുക എന്നത് ഇന്നിപ്പോള്‍ നമ്മുടെ അതിജീവന ആവശ്യമായി തീര്‍ന്നിരിക്കുന്നു.