#ശബരിമല

ആർഎസ്എസ് വിശ്വാസത്തിനായല്ല, വിശ്വാസം ആർഎസ്എസിനായി...

സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതിനെതിരായ സമരത്തിൽ പങ്കെടുക്കാൻ ഇരുമുടിക്കെട്ടുമായി ശബരിമല കയറാനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രൻ

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തിൽ ഇപ്പോൾ കത്തി നിൽക്കുന്നത് ബിജെപി നേതാവ് കെ സുരേന്ദ്രൻ രണ്ടു തവണ മല ചവിട്ടിയത് ‘പുല‘ എന്ന ആചാരത്തെ ലംഘിച്ചു കൊണ്ടാണു എന്ന ആരോപണമാണ്.

കെ സുരേന്ദ്രൻ ഈ സമീപകാലത്ത് രണ്ട് തവണ മലചവിട്ടി സന്നിധാനത്തിൽ എത്തിയിരുന്നു എന്നത് വസ്തുതയാണു. ഈ സമയത്ത് അദ്ദേഹത്തിന്റെ അമ്മ മരിച്ചിട്ട് ഒരു വർഷം തികഞ്ഞിരുന്നില്ല എങ്കിൽ തന്ത്രികുടുംബം കോടതിയിൽ കൊടുത്ത അഫിഡവിറ്റ് പ്രകാരം അദ്ദേഹം ചെയ്തത് ആചാരലംഘനമാണു എന്നതും വ്യക്തം.

ശബരിമലയിൽ ലിംഗ വിവേചനമൊന്നും നിലനിൽക്കുന്നില്ല എന്നും ആചാര വിശ്വാസങ്ങൾ അനുസരിച്ചുള്ള ചില ന്യായമായ നിയന്ത്രണങ്ങളെ അവിടെയുള്ളു എന്നും സ്ഥാപിക്കാൻ അവർ പുരുഷന്മാർക്കുള്ള വിലക്കുകളെ കുറിച്ചും പറയുന്നുണ്ട്. അത് പ്രകാരം കൂടുംബത്തിൽ ജനനമൊ, മരണമൊ നടന്നാൽ പുരുഷനും ആ ഒരു വർഷക്കാലം മല ചവിട്ടാൻ വിലക്ക് കല്പിക്കപ്പെട്ടു പോരുന്നു എന്നും. അപ്പോൾ ഈ വർഷം ജൂലൈ അഞ്ചിനാണു കെ സുരേന്ദ്രന്റെ അമ്മ മരിച്ചത് എങ്കിൽ അദ്ദേഹം തന്ത്രികൾ പറയും പ്രകാരമുള്ള അലംഘനീയമായ ആചാരം ഒന്നല്ല, പലവട്ടം ലംഘിച്ചിരിക്കുന്നു എന്നത് പകൽ പോലെ വ്യക്തം.

അതല്ല, വ്രതം എടുത്തുകൊണ്ടിരിക്കെ രക്തബന്ധുക്കളുടെ മരണം മൂലം വ്രതം മുടങ്ങുന്ന അവസ്ഥ വന്നാൽ മാത്രമേ ഇതു ബാധകമാകൂ എന്ന് ആ സത്യവാങ്മൂലത്തെ വ്യാഖ്യാനിക്കാവുന്നതും ആണ്. ആ വ്യാഖ്യാനം പക്ഷെ തന്ത്രി തന്നെയാണു നടത്തേണ്ടതും.