#നിരീക്ഷണം

വലതുഭീകരതയും മുതലാളിത്തഭീകരതയും ഒന്നല്ലെങ്കിൽ പിന്നെ ബ്രണ്ടൻ ടൊറന്റ് ആരുടെ ആയുധം?

ബ്രണ്ടൻ ടൊറെന്റ് എന്ന ഓസ്ട്രേലിയൻ വംശജനായ ഇരുപത്തിയെട്ടുകാരൻ. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ രണ്ടു മസ്ജിദുകളിലായി ജുമ നമസ്കരിക്കുകയായിരുന്ന 49ഓളം മനുഷ്യരെ കൊന്നുതള്ളുകയും അത്രത്തോളം പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്ത വ്യക്തി. അയാൾ എന്തിനിതു ചെയ്തു?

ടൊറന്റിന് ആ മനുഷ്യരുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ല എന്നു വ്യക്തം. ഏതെങ്കിലും ഭീകരസംഘടനക്കായാണയാൾ കൃത്യം നടത്തിയതെങ്കിൽ പ്രസ്തുത സംഘടന ഇതിനോടകം ഉത്തരവാദിത്തം ഏറ്റെടുത്തേനെ. അവർ ഇത്തരം കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നതു തങ്ങളുടെ വരവറിയിക്കാൻ, അല്ലെങ്കിൽ സാന്നിധ്യമവസാനിച്ചിട്ടില്ല എന്നറിയിക്കാൻ ഒക്കെയായി ആയിരിക്കും. അതുകൊണ്ടു തന്നെ അവർ സാധാരണ ഒളിച്ചിരിക്കാറില്ല.

ക്രൈസ്റ്റ്ചർച്ച് സംഭവത്തിനു പിന്നിൽ അത്തരം ഒരു സംഘടനയില്ല എന്നേയുള്ളു. ഒരാശയമുണ്ട്. അതിനാൽ പ്രചോദിതരായ മനുഷ്യരുടെ വികേന്ദ്രീകൃതമായ ഒരു കൂട്ടായ്മയുണ്ട്. കർതൃത്വം മറച്ചു കൊണ്ടല്ല, ഉറക്കെ അവകാശപ്പെട്ടുകൊണ്ടു തന്നെയാണ് ആ സംഭവവും നടന്നിരിക്കുന്നത്. അതിന്റെ തെളിവാണ് 17 മിനിട്ടു ദൈർഘ്യമുള്ള ലൈവ് സ്റ്റ്രീമിങ്ങ്. വെടിവയ്പ്പ് നടത്തിയ ആൾ തന്നെയാണ് അതു പുറത്തു വിട്ടത്. ഒപ്പം അയാൾ 87ഓളം പേജു വരുന്ന ഒരു മാനിഫെസ്റ്റോയിലേക്കുള്ള ലിങ്കും ഓൺലൈനായി പ്രസിദ്ധീകരിച്ചിരുന്നു.