#നോബൽ സമ്മാനം

കാൻസർ ഇമ്മ്യുണോതെറാപ്പി: 2018ലെ വൈദ്യശാസ്ത്ര നോബൽ

30 Oct, 2018

ചരിത്ര പശ്ചാത്തലം

പതിനെട്ടാം നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ആധുനിക മെഡിസിനെയും മനുഷ്യാരോഗ്യത്തെയും സംബന്ധിച്ച ഏറ്റവും നിർണായകമായ ഒരു കണ്ടുപിടുത്തം നടക്കുന്നത്. വാക്സിനേഷൻ എന്നായിരുന്നു അതിന്റെ പേര്. വാക്‌സിനുകളുടെ സുദീർഘമായ ചരിത്രത്തിന് കാൻസർ ഇമ്മ്യുണോതെറാപ്പിയുടെ ചരിത്രവുമായി നേരിട്ട് ബന്ധമുണ്ട് എന്നത് വാക്സിൻ വിരുദ്ധതയും, ബാക്ടീരിയ വിരുദ്ധതയും, വൈറസ് വിരുദ്ധതയും ഒക്കെ സമൂഹത്തിൽ പ്രബലമാകുന്ന ഈ സാഹചര്യത്തിൽ എടുത്ത് പറയേണ്ടതുണ്ട്. മനുഷ്യ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ അനാവരണം ചെയ്യുന്നതിൽ ബാക്ടീരിയയും വൈറസും വഹിച്ച പങ്ക് നിർണായകമാണ്. വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതിനോടൊപ്പം ഇമ്മ്യൂണോളജി എന്ന ഒരു നൂതന ശാസ്ത്ര വിജ്ഞാനശാഖയും രൂപപ്പെട്ടു വന്നത്.

പട്ടിക 1: വാക്സിനുകളുടെ സമയരേഖ

സൂക്ഷ്മജീവികളായ രോഗാണുക്കളെ കണ്ടെത്തി നിർവീര്യമാക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമായ ഇമ്യൂൺ സിസ്റ്റത്തെക്കുറിച്ചുള്ള പഠനശാഖയാണ് ഇമ്മ്യൂണോളജി. കേൾക്കുമ്പോൾ ഏറ്റവും ലളിതമെന്ന് തോന്നിയാലും ശാസ്ത്രത്തിലെ സങ്കീർണ്ണമായ വിഷയങ്ങളിലൊന്നാണ് ഇമ്മ്യൂണോളജി. അതിലെ തീർത്തും ഉപരിതല സ്പർശിയായ ഒരു ലേഖനം മാത്രമായി വേണം ഈ കുറിപ്പിനെ കാണുവാൻ.