ഉത്തരാധുനിക ഉടായിപ്പ് സിദ്ധാന്തങ്ങൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാൻ പറ്റുമോ? ഇല്ല, അല്ലെ...
പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ ‘കാര്യം വിഷമസ്ഥിതി’ കൃഷ്ണക്കുറുപ്പ് തെരുവില്‍ പത്രവും ആഴ്ചപ്പതിപ്പും മാസികയുമൊക്കെ വിറ്റ് ഉപജീവനം കഴിക്കുന്ന ഒരു മനുഷ്യനാണ്. തലക്കെട്ടുകളും മറ്റ് മുഖ്യ ആകര്‍ഷണങ്ങളും ഉറക്കെ, തെല്ല് മനോധര്‍മ്മം കൂടി കലര്‍ത്തി വായിച്ച് വഴിപോക്കരുടെ ശ്രദ്ധ പിടിച്ചുപറ്റി കച്ചവടം നടത്തുകയാണ് അന്നത്തെ രീതി.
നോവല്‍ ആരംഭിച്ച് കഥ അധികം മുമ്പോട്ടു പോകുന്നതിനു മുമ്പേ അയാളുടെ വത്സലപുത്രി രോഗം ബാധിച്ച് കിടപ്പിലാകുന്നു. അവളെ ചികിത്സിക്കാന്‍ കുറുപ്പ് നടത്തുന്ന ശ്രമങ്ങള്‍ നോവലിന്റെ പല ഉപാഖ്യാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ മകളുടെ രോഗത്തിന് ചികിത്സയുണ്ട് എന്ന് അയാള്‍ക്കറിയാം. പക്ഷെ നഗരത്തിലെ ക്ലിനിക്കിലേക്ക് അവളെ കൊണ്ടുപോകാന്‍ വേണ്ട പണം...

എസ് കെ പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ - കവർ
അത് സമാഹരിക്കാനായി അയാള്‍ പല വഴിയും നോക്കുന്നുണ്ട്. വാര്‍ത്തകളില്‍ ഇക്കിളി കലര്‍ത്തിയും തെറ്റിദ്ധരിപ്പിച്ചും ഒക്കെ പത്രത്തിന് വായനക്കാരെ കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുന്നു. അശ്ളീല പുസ്തകം എത്തിക്കാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങുന്നു എന്നിങ്ങനെ പല പണികള്‍, വഴികള്‍ നോക്കുന്നുവെങ്കിലും ഒന്നും വിജയിക്കുന്നില്ല. നിവര്‍ത്തിയില്ലാതെ മുറിവൈദ്യന്‍ തരുന്ന കഷായവും കുഴമ്പും തന്നെ അയാള്‍ ആശ്രയിക്കുകയാണ്, എന്തെങ്കിലും ചെയ്തു എന്ന ആശ്വാസത്തിനായി എന്നോണം. ഒടുവില്‍ അവള് മരണത്തിന് കീഴടങ്ങുന്നു.