#നിരീക്ഷണം

തീണ്ടാരിപ്പുരകൾ കൊലയറകളാകുമ്പോൾ

തമിഴ്നാട്ടിൽ, ആദ്യ ആർത്തവ സമയത്ത് ഒരു പന്ത്രണ്ടുകാരിയെ, വീടിനു പുറത്തെ ചായ്പിലേക്കയച്ചു. ആർത്തവ അശുദ്ധി സങ്കല്പത്തിലൂന്നിയ ആചാരമാണത്. തീണ്ടാരിപ്പെണ്ണ് മാറിയിരിക്കണം. അശുദ്ധിയുണ്ട്. അയിത്തമുണ്ട്. ഗാജാ കൊടുങ്കാറ്റ് വരുമെന്നും എല്ലാവരും വീടുകൾക്കകത്ത് സുരക്ഷിതമായിരിക്കണമെന്നും വാണിങ് ഉണ്ടായിരുന്നു. പക്ഷേ ആചാരമാണല്ലോ വലുത്. അവളെയും അമ്മയെയും ചായ്പിൽ തന്നെ ഉറങ്ങാൻ വിട്ടു.

കേരളത്തിൽ കഴിഞ്ഞ തലമുറയിൽ നിലവിലിരുന്ന, ചിലയിടത്ത് ഇപ്പോഴും തുടർന്നു വരുന്ന, ആചാരമാണിത്. ചായ്പ് എന്നാൽ വീടിനോട് ചേർത്ത് ഓലമേഞ്ഞ് ചായ്ച്ചുകെട്ടിയുണ്ടാക്കുന്ന ഒന്നാണ്; വിറകുപുരയോ ആവശ്യമില്ലാത്ത സാധനങ്ങൾ കൂട്ടിയിടുന്നിടമോ ഒക്കെയാണ് പൊതുവേ. അവിടെയാണ് അശുദ്ധിക്കാരിക്കിടം. അടച്ചുറപ്പോ തണുപ്പിൽ നിന്നോ കാറ്റിൽ നിന്നോ സംരക്ഷണമോ അവിടുണ്ടാവില്ല.

പന്ത്രണ്ടുകാരി പായ വിരിച്ചു തണുത്തു വിറച്ചു കിടന്നു കാണണം. വേദനയിലും പരിഭ്രമത്തിലും ഉറങ്ങിയിരുന്നോ എന്തോ! കൊടുങ്കാറ്റിൽ തെങ്ങു വീണ് ചായ്പ്പിന്റെ മേൽക്കൂരയിളകി താഴേക്കു വരുന്നത് കണ്ടുകാണണം. അമ്മയെ കെട്ടിപ്പിടിച്ചു ഭയന്നു നിലവിളിച്ചു കാണണം. അമ്മ മകളെയും പുണർന്ന്, ഇക്കാലം വരെ കുമ്പിട്ട ദൈവങ്ങളെയെല്ലാം വിളിച്ചു കരഞ്ഞു കാണണം.