#ആരോഗ്യം

കാലന്മാരായ ഡോക്ടർമാർ ഒന്നു ശ്രദ്ധിക്കുക, നിങ്ങളുടെ കാലം കഴിഞ്ഞാൽ കാലനില്ലാത്ത കാലം ഞങ്ങൾക്കു സ്വന്തം..

“ഹൃദയസ്പന്ദനം ശ്രവിച്ചും നാഡീവ്യൂഹം തൊട്ടുനോക്കിയും രോഗം നിര്‍ണയിച്ചിരുന്ന ശുശ്രുതനും ചരകനുമൊക്കെ ജീവിച്ചിരുന്ന നാടാണിത്.. അവര്‍ക്കൊന്നും എക്സറേയും സി ടി സ്കാനും ഇ സി ജിയുമൊന്നും വേണ്ടിയിരുന്നില്ല രോഗം കണ്ടുപിടിക്കാന്‍ .......... എന്ന് ഡോക്ടര്‍ റോയ്..... ഹൊ രോമങ്ങളെഴുന്നേറ്റു നില്ക്കുന്നു.. എന്താ ല്ലേ...”

ഇത് മനോജ് പട്ടേട്ട് ഇട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ആണ്. ആരാ ഈ ഡോക്ടർ റോയ്, എന്താണീ പറയുന്നതിന്റെ വിശദാംശങ്ങൾ എന്നറിയാൻ ഒന്നു ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ചെന്നു കയറിയതു ഡോക്ടർ ബിശ്വരൂപ് റോയ് ചൗധരി എന്ന പുലിയുടെ മടയിൽ.

നേച്ചറോപ്പതി പുലിയാണ്. മടയിൽ നടക്കുന്നത് ‘എൻഡ് ഓഫ് മോഡേൺ മെഡിസിൻ‘ എന്ന വിഷയത്തിൽ ഒരു യൂ റ്റ്യൂബ് പ്രസന്റേഷനാണ്. ഭയമുണ്ടായിട്ടും ഏഴു മിനിട്ടല്ലേ ഉള്ളു എന്ന ധൈര്യത്തിൽ റിസ്ക് എടുക്കാം എന്നു കരുതി കയറി. നിങ്ങൾക്കും കയറാം. ദാ കിടക്കുന്നു ലിങ്കം.

സംഗതി അടിമുടി ശാസ്ത്രീയവും തെളിവുകൾ ആസ്പദമാക്കിയുള്ളതുമാണ്. അതുകൊണ്ടു മുഷിയില്ല. തെളിവുകൾ നമുക്ക് ഒന്നൊന്നായി നോക്കാം.