#ശബരിമല

കോടതി വിധിച്ചാലും കഠിനമെന്റയ്യപ്പാ...

വിശ്വാസത്തിനുള്ളിൽ നിന്നുകൊണ്ട് അതിനെ പരിഷ്കരിക്കുവാനുള്ള ശ്രമങ്ങളൊക്കെയും ചെന്ന് തട്ടി നില്‍ക്കുന്ന ഒരു കീറാമുട്ടിയുണ്ട്. അത് യുക്തികൊണ്ട് സമീപിക്കാനാവുന്നതിനെയേ പരിഷ്കരിക്കാനാവു എന്നതാണ്. വിശ്വാസത്തെ പരിഷ്കരിക്കാനാവില്ല, പിന്തുടരാന്‍ മാത്രമേ ആവൂ. പരിഷ്കരിക്കപ്പെടുന്നതോടെ പഴയത് ഇല്ലാതാവുകയും പുതിയ ഒരു വിശ്വാസം ഉണ്ടാവുകയുമാണ് ചെയ്യുന്നത്.

പരിഷ്കരണവാദികൾ വിശ്വാസ വിരുദ്ധരാണ് എന്ന് യാഥാസ്ഥിതിക പക്ഷം വാദിക്കുന്നതിന്റെ സത്തയും ഇതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളിൽ ഒക്കെയും കറങ്ങിയും തിരിഞ്ഞും പല ഭാഷ്യങ്ങളിൽ ഭാഷയില്‍  പ്രത്യക്ഷപ്പെടുന്ന വാദങ്ങളുടെ പൊതുയുക്തിയും ഇതാണ്.രജസ്വലയായ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം എന്നതാണ് ശബരിമലയുടെ എക്സ്ക്ലുസിവിറ്റി അഥവാ അനിതര സാധാരണത്വം. അത് പരിഷ്കരിക്കപ്പെട്ടാൽ പിന്നെ ആ ക്ഷേത്രം സാധാരണം മാത്രമായി തീരുന്നു.

വിശ്വാസം പരിഷ്കരിക്കുക അസാധ്യമായിരിക്കാം. ആണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെയും ആചാരാനുഷ്ഠാനങ്ങള്‍ അങ്ങനെയല്ലല്ലോ. അവ മാറിയ ചരിത്രം നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. ആ നിലയ്ക്ക് ശബരിമലയിലെ ആചാരങ്ങളും പരിഷ്കരിക്കപ്പെടാവുന്നതാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടാവണം യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആ ആചാരത്തെ വിശ്വാസമായി, ദൈവ സങ്കല്‍പം തന്നെയായി വ്യാഖ്യാനിക്കുന്നത്.

ജീവശാസ്ത്രപരമായ പ്രതിവാദങ്ങൾ