#ശബരിമല

സംഘപരിവാറിന്റെ കേരളത്തിലെ പ്ലാൻ സി

വേണ്ടിവന്നാല്‍ “സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍” മടിക്കില്ല എന്ന അമിത് ഷായുടെ പ്രസ്താവനയെ മലയാളം സൈബര്‍ ലോകത്തെ പലരും കണ്ടത് പരിഹാസത്തോടെയാണ്. വാസ്തവത്തില്‍ അപഹാസ്യമായ ഒരു പ്രസ്താവനയാണുതാനും, അത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അന്യായം കൊടുത്തത് തന്നെ ആര്‍ എസ് എസ് ബന്ധമുള്ള അഭിഭാഷകമാരാണ്, അല്ലാതെ ഏതോ ‘നൗഷാദ്’ അല്ല. വിധി വന്ന മുറയ്ക്ക് അവരുടെ മുഖപത്രം എഴുതിയ എഡിറ്റോറിയലും അവരുടെ ബൌദ്ധിക പ്രമുഖ് ടി ജി മോഹന്‍ദാസ്‌ ചാനലുകളില്‍ എടുത്ത പരസ്യ നിലപാടും നാം കണ്ടതാണ്. അത് വിധിക്ക് അനുകൂലമായിരുന്നു. അതും കുടാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനയച്ച ഒരു ‘ഇണ്ടാസു’മുണ്ട്, വിധി നടപ്പിലാക്കാന്‍ എന്തെ അമാന്തം എന്ന നിലയില്‍. രാജ്യത്തെ പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ നടന്ന അന്തിചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വറിനെ തേച്ചൊട്ടിച്ചവരില്‍ ആര്‍ എസ് എസ്, ബി ജെ പി അനുഭാവികളായവരും ഉണ്ടായിരുന്നു. ഇതിനെ ആദ്യകാലത്ത് നടന്ന ചാനല്‍ ചര്‍ച്ചകളില്‍ ടി ജി മോഹന്‍ദാസും നേര്‍ക്കുനേര്‍ വന്നവരുമായി നടന്ന വികാരഭരിതമായ വാഗ് യുദ്ധങ്ങളുമായി ചേര്‍ത്ത് വായിക്കുക. അതിനു ശേഷം വേണം അമിത് ഷായുടെ പ്രസംഗം വായിക്കാന്‍. അതു തുടങ്ങുന്നതു തന്നെ ശരണമന്ത്രം വിളിച്ചാണ്. ആയിരങ്ങള്‍ അത് ഏറ്റുവിളിച്ച് ഭക്തിനിര്‍ഭരമായ ഒരു വൈകാരിക അന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അമിത്ഷാ ആദ്യം പറഞ്ഞ പ്രസ്താവന നടത്തുന്നത്. അതായത് ഇവിടെ പ്രകടമായ ഒരു ചുവടു മാറ്റമുണ്ട്.

സംഘപരിവാര്‍ ശബരിമല യുവതി പ്രവേശത്തെ ആദ്യം അംഗീകരിച്ചതും അതില്‍ ആവേശം കൊണ്ടതും എന്തുകൊണ്ട് എന്ന് നമുക്കറിയാം. ഹിന്ദുത്വ കണ്‍സോളിഡേഷനും സ്ത്രീവിരുദ്ധ യാഥാസ്ഥിതികരല്ല ബി ജെ പിയും സംഘപരിവാറും എന്ന നഗരകേന്ദ്രികൃത സ്ത്രീസമൂഹത്തിന്റെ സാക്ഷ്യവും തന്നെയായിരുന്നു അതിന്റെ ലക്ഷ്യം. അത് ഏറെക്കുറെ നടന്നുകഴിഞ്ഞു, കേരളത്തിന് പുറത്ത്.