#ശബരിമല

അയ്യപ്പക്ഷേത്രം, സ്ത്രീകൾക്ക് പ്രൈവറ്റ് ലിമിറ്റഡ്, അടിയെടാ കൈ

യുവതികള്‍ക്കായി അയ്യപ്പസ്വാമി ക്ഷേത്രം പണിഞ്ഞ് നല്‍കുമെന്ന് രാജ്യസഭാംഗമായ എം പി സുരേഷ്ഗോപി!

കേട്ടപ്പോള്‍ ട്രോള്‍ എന്ന് തോന്നിയെങ്കില്‍ തെറ്റി. സംഗതി ഉള്ളത് തന്നെ. അയ്യപ്പ വിഗ്രഹത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞുവത്രേ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ റാന്നിയിലോ മറ്റോ സ്ഥലം തരപ്പെടുത്താനാണ് ശ്രമം. അത് നടന്നില്ലെങ്കില്‍ സമാനമനസ്കരായ മനുഷ്യരുടെ സഹായത്തോടെ സ്ഥലം ലഭ്യമാക്കാനുള്ള പ്ലാന്‍ ബിയും തയ്യാറാണ്.

എന്തിന് റാന്നി എന്ന് ചോദിച്ചാല്‍ മലയോര പ്രദേശം, ശബരിമല സാമീപ്യമൊക്കെയാവാം കാരണം. എന്തായാലും ഈ കാരണം പറഞ്ഞ് പുള്ളി പുതിയ നൂറ്റാണ്ടിന്റെ നാരായണഗുരുവാകാന്‍ ശ്രമിക്കുന്നു എന്നൊന്നും വിമര്‍ശനമുന്നയിക്കുന്നില്ല. എന്തും ചെയ്യുന്ന കഥാപാത്രങ്ങളെ അഭ്രപാളിയില്‍ അവതരിപ്പിച്ചു ശീലമുള്ള ആളാണെങ്കിലും അത്ര പരിഹാസ്യമായ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും എന്ന് കരുതുന്നില്ല. കാരണം അമ്പലം പണിയില്‍ മുന്‍കൈ എടുക്കും എന്നല്ലാതെ പ്രതിഷ്ഠ നടത്തും എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

മാത്രവുമല്ല ബ്രാഹ്മണ ശിവന്റെ അമ്പലത്തില്‍ സവര്‍ണ്ണരല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തില്‍ സവര്‍ണ്ണനല്ലാത്ത മറ്റൊരു ശിവനെ പ്രതിഷ്ഠിക്കുകയാണ് ഗുരു ചെയ്തത്. അതിന്റെ സമാന്തര യുക്തിയില്‍ ആണായ അയ്യപ്പന്റെ അമ്പലത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിന് പരിഹാരമായി ആണ് പുതിയ അമ്പലം എങ്കില്‍ അതിലെ പ്രതിഷ്ഠ എന്തായിരിക്കണം എന്നും ആലോചിക്കാവുന്നതാണ്.