#ശബരിമല

വീണ്ടും നടയടച്ചു; കലാപകാരികള്‍ തോറ്റു

പൂര്‍വ്വ മാതൃകകളില്ലാത്ത വണ്ണം വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സന്നിധാനത്തിലെത്തിയ ഒരു അമ്പത്തിരണ്ടുകാരിയെ ഇതിവിടെ നടക്കില്ല എന്നു പറഞ്ഞ് മറ്റൊരു മാളികപ്പുറം തടയുന്നു. തുടര്‍ന്ന് സിഗ്നല്‍ ശരണം വിളി. ‘കൊല്ലെടാ അവളെ‘യെന്നാക്രോശിച്ച് ഒരു ജനക്കുട്ടം. എന്താ പ്രശ്നം? വയസ് അമ്പത്തിരണ്ട് ആയിട്ട് കാര്യമില്ല, കണ്ടാലും തോന്നണം. ഇല്ലെങ്കില്‍ ചിലപ്പോ ഇങ്ങനെയൊക്കെ സംഭവിക്കും!

സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത്  നിയമവാഴ്ചയുടെ പിഴവും തകരാറും തന്നെയാണ്. എന്നാല്‍ ഇവിടെ അതാണോ? നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസിലാവും അല്ല എന്ന്.

ഇതിന് പിന്നില്‍ സംഘപരിവാര്‍ കൃത്യമായി നടപ്പിലാക്കിയ ഒരു ദീര്‍ഘപദ്ധതിയുണ്ട്. പരിവാരവുമായി നേരിട്ട് ബന്ധമില്ലാത്ത (അതെ, പരോക്ഷമായി ബന്ധമുള്ള എന്ന് തന്നെ. അത് പദ്ധതിയുടെ ഭാഗമാണ്) ഉത്തരേന്ത്യക്കാരായ നാല് അഭിഭാഷക വനിതകള്‍ ഒരു കേസ് നല്‍കുന്നു. നാട്ടിലെ ഏറ്റവും മുന്തിയ അഭിഭാഷകരെ വച്ച് വാദിച്ച് അനുകൂല വിധി സമ്പാദിക്കുന്നു. കേരളം ഇതില്‍ നേരിട്ട് ഒരു പങ്കും വഹിക്കുന്നില്ല എന്നോര്‍ക്കണം.