#ശബരിമല

നാട്ടിലിനി യാത്രാവാരം, നിങ്ങളുടെ ടിക്കറ്റ് എവിടേയ്ക്കാ?

ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയുടെ രഥയാത്ര

അതീവ രസകരമായ സംഭവ വികാസങ്ങളിലൂടെയാണു വർത്തമാന കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള നയിക്കുന്ന രഥയാത്ര. ഒപ്പം കോൺഗ്രസ് നയിക്കുന്ന അഞ്ചോളം യാത്രകൾ വേറെയും. അങ്ങനെ കാറിലും രഥത്തിലും തുറന്ന ജീപ്പിലുമൊക്കെയായി ഒരു സമ്പൂർണ്ണ യാത്രാവാരം.

രണ്ടു മുന്നണികൾ നയിക്കുന്ന ആറു യാത്രകൾക്കും ഒരൊറ്റ ലക്ഷ്യം മാത്രം. അത് വിശ്വാസ സംരക്ഷണമാണു! വിശ്വാസം സംരക്ഷിക്കാത്ത ഇടതു സർക്കാരിനെ താഴെയിറക്കുകയും സംയുക്ത ലക്ഷ്യത്തിൽ പെടും. പക്ഷെ തമാശ അത് മാത്രമല്ല. ഈ സംയുക്ത യാത്രാമുന്നണികളിലൊരാൾ കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാരിലെ മുഖ്യകക്ഷിയായ ബി ജെ പിയുടെ സംസ്ഥാന തലവൻ. മറ്റ് അഞ്ച് പേർ ആ എൻ ഡി എയുടെ ഫാസിസ്റ്റ് ഭരണത്തെ അവസാനിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന യു പി എ മുന്നണിയിലെ മുഖ്യ കക്ഷിയായ കോൺഗ്രസിന്റെ കേരളാഘടകം നേതാക്കളും.

ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയ വൈരം മറന്ന് കൈകോർത്ത് പിടിക്കാറുണ്ട്. യുദ്ധം, പ്രകൃതിക്ഷോഭം, ആഭ്യന്തര കലാപം പോലെയുള്ള ദേശീയ ഭീഷണികളെ നേരിടാനായി. ഇവിടെ എന്താണു സമാന സാഹചര്യം?