#ശബരിമല

വാരം കുറെയായില്ലെ, രഹനയെ വിട്ടു കൂടെ

പൊലീസ് തണലിൽ ശബരിമല കയറാനെത്തിയ രഹന ഫാത്തിമ

രഹന ഫാത്തിമ എന്ന പേരുപയോഗിച്ച് ശബരിമലയിൽ സി പി എം എന്തോ അജണ്ട നടപ്പിലാക്കുകയാണു എന്ന ഒരു പ്രചാരണം അവർ മലകയറാൻ എത്തിയ അന്നു മുതൽ കേൾക്കുന്നതാണു. ബി ജെ പിക്കാർ അത് പറയുന്നതെന്തിനെന്ന ചോദ്യത്തിന്റെ ഉത്തരവും ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. എന്നാൽ കോൺഗ്രസുകാർക്ക് ഇത്തരം ഒരു പ്രചരണം ഏറ്റെടുക്കുന്നതിൽ ഒരുളുപ്പും തോന്നുന്നില്ലേ?

എന്താണു രഹനയുടെ അയോഗ്യത? ആദ്യമായി മതം എടുക്കാം. ശബരിമല ഒരു മതേതര തീർത്ഥാടന കേന്ദ്രമാണു, വാവർ സ്വാമിയെ കണ്ടിട്ടേ അയ്യപ്പനെ കാണാൻ പറ്റൂ എന്നൊക്കെ ഊറ്റം കൊള്ളുന്ന നാവുകൊണ്ട് തന്നെ അവരുടെ മുസ്ലിം നാമം ഒരു അയോഗ്യതയായി പറയാനാവില്ല. അതുകൊണ്ടു തന്നെ അത് ധ്വനിപ്പിക്കുകയേ ഉള്ളൂ. പറയില്ല. പിന്നെ എന്താ?

ചുംബന സമരം. ഈ ചുംബന സമരം ഒരു രഹന ഫാത്തിമ ഒറ്റയ്ക്ക് നടത്തിയ ഉമ്മവച്ച് കളിയല്ല. അതിൽ പല മതങ്ങളിൽ പെട്ട, പല ലിംഗങ്ങളിൽ പെട്ട മനുഷ്യർ പങ്കെടുത്തിരുന്നു. പങ്കെടുത്തവരിലും എത്രയോ മടങ്ങ് പേർ അതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അതിൽ കോൺഗ്രസുകാരും പെടും. അവർക്കൊക്കെ നിങ്ങൾ അയോഗ്യത കല്പിക്കുമോ?അവരിലെ പുരുഷന്മാർ കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി വന്നാൽ കടത്തി വിടരുത് എന്നു നിങ്ങൾ വാദിക്കുമോ?

നഗ്നതാ പ്രദർശനം എന്നതാവും അടുത്ത കച്ചിതുരുമ്പ്. നഗ്നത മാത്രമല്ല, പലതരം സംഭോഗ നിലകളും കൊത്തിവച്ച ചുവരുകളോട് കൂടിയ നിരവധി ക്ഷേത്രങ്ങളുള്ള ഒരു നാട്ടിൽ നിന്നാണു നിങ്ങൾ ഈ വർത്തമാനം പറയുന്നത്. അതൊന്നും നഗ്നതയല്ലേ?