കേരളത്തെ കൊന്നു തീർക്കാമെന്നോ? ആ വെള്ളമങ്ങ് വാങ്ങി വയ്ക്കുക...
ഡോ. സുനിൽ പി ഇളയിടം
സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം കേരളത്തിലും ക്രമേണ അനാച്ഛാദനം ചെയ്യപ്പെടുകയാണ്. തങ്ങളുടെ ആള്‍ക്കൂട്ട ബലം കൊണ്ട് മെരുങ്ങാത്ത എന്തിനെയും തകര്‍ത്തോ നിശ്ശബ്ദമാക്കിയോ കൊന്നുതന്നെയോ നേരിടും എന്ന ധാര്‍ഷ്ട്യമാണ് ആ മുഖം.
അത് സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ള സ്ത്രീ ഐഡികളെ ‘കഴപ്പ് മാറ്റും’, ‘അടിച്ചു കീറും’ എന്നൊക്കെ എഫ്ബിയില്‍ മറഞ്ഞിരുന്നു പറഞ്ഞ് സ്വന്തം പെര്‍വേർഷന്‍ തീര്‍ക്കുന്ന കൂതറ സംഘികളുടെ കളിയല്ല. ക്രമാനുഗതമായി ഭീതിയുടെ രാഷ്ട്രീയം വിതച്ച് ജനാധിപത്യേതരമായി തന്നെ ഒരു അപ്രമാദിത്തം തെരുവില്‍ സ്ഥാപിച്ചെടുക്കുക എന്ന ഒരു പദ്ധതിയുടെ ഭാഗമാണ് പതുക്കെ പതുക്കെ തെളിഞ്ഞു വരുന്ന ആ ഭീകരത.
ക്ഷേത്രങ്ങളെയും സ്ത്രീകളെയും മുന്‍നിര്‍ത്തിയാണ് ഹിന്ദുത്വത്തിന്റെ ഈ പുത്തന്‍ ഉണര്‍വും തേരോട്ടവും കേരളത്തില്‍ സാധ്യമാകുന്നത് എന്നതാണ് ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. മീശ വിവാദം എടുക്കുക. അതിനെതിരെ സംഘികള്‍ ഉറഞ്ഞു തുള്ളിയ പല ന്യായങ്ങളില്‍ ഒന്ന് പ്രസ്തുത കൃതി സ്ത്രീവിരുദ്ധവും ക്ഷേത്രവിരുദ്ധവുമായിരുന്നു എന്നതാണ്. അതിന്റെ യുക്തിയെ ഇനിയും ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. കാരണം അത് വ്യക്തമായി കഴിഞ്ഞു.