#ശബരിമല

ബിന്ദുവിന് അയ്യപ്പൻ അങ്ങോട്ടു ചെന്നു ദർശനം കൊടുത്തുകൊള്ളും; വീടിനു സംരക്ഷണം പൊലീസ് തന്നെ കൊടുക്കണം

ശബരിമല കയറുക എന്ന ലക്ഷ്യത്തോടെ പമ്പയിലെത്തിയതിന് പഠിപ്പിക്കുന്ന സ്കൂളിലും താമസിക്കുന്ന വീട്ടിലും അടക്കം അതിക്രമങ്ങൾ നേരിടേണ്ടിവരുന്ന അദ്ധ്യാപികയും ഗോത്രവിഭാഗക്കാരിയുമായ ബിന്ദു തങ്കം കല്യാണി

14 Nov, 2018

ബിന്ദു തങ്കം കല്യാണി; ദളിത് സംഘടനാ പ്രവർത്തകയും അദ്ധ്യാപികയുമായ ഒരു സ്ത്രീ. അവർ ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് മേല്പറഞ്ഞ രണ്ട് വിലാസത്തിലുമല്ല.

അവർ വീട്ടിലും തൊഴിൽ സ്ഥലത്തും നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയയാവുകയാണു. എന്നാലത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായോ, അദ്ധ്യാപന ജീവിതത്തിന്റെ ഭാഗമായോ അവർ ആരെയെങ്കിലും ഹിംസിച്ചിട്ടല്ല. അവരുടെ ദളിത് ആക്റ്റിവിസ്റ്റ്, അദ്ധ്യാപക സ്വത്വങ്ങൾ ഇവിടെ (പ്രത്യക്ഷത്തിൽ) വിഷയമേ അല്ല.

ഇങ്ങനെ വേട്ടയാടപ്പെടാൻ എന്താണവർ ചെയ്ത തെറ്റ്?

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷം അവർ നിയമത്തെ ബഹുമാനിച്ചു കൊണ്ട് ഇത്രയും നാൾ മാറ്റിവച്ച ഒരാഗ്രഹത്തെ അനുമതി കിട്ടിയ നിലയ്ക്ക് പൂർത്തീകരിക്കാൻ ഒരുങ്ങുന്നു. സ്വയം ഒരു വിശ്വാസിയായി സാക്ഷ്യപ്പെടുത്തുന്ന അവർ (വിശ്വാസത്തിനു ആ സർട്ടിഫിക്കറ്റ് മതി. ഒരാളുടെ വിശ്വാസത്തെ വേറൊരാളോ സംഘടനയോ പരീക്ഷിച്ച് തിട്ടപ്പെടുത്തേണ്ടതില്ല) നാല്പത്തിയൊന്നു ദിവസം വ്രതം നോറ്റ് കറുപ്പുടുത്ത് ഇരുമുടിക്കെട്ട് ചുമന്നു കൊണ്ട് മലകയറുന്നു.