#ശബരിമല

ശബരിമലപ്രശ്നം: വെടിവച്ച് തീർക്കാത്തതും 'റെഡി റ്റു വെയ്റ്റും'

തൃപ്തി ദേശായിക്ക് ദർശനം നടത്താനായില്ല. അവർക്ക് സന്നിധാനത്തിന്റെ പരിസരത്ത് പോലും എത്താനായില്ല. വിമാനത്താവളത്തിൽ നിന്നു തന്നെ അവർ മടങ്ങിപ്പോയി. ഇത് സ്ത്രീ സമത്വവാദത്തിനേറ്റ അപമാനകരമായ തിരിച്ചടിയായി അനുഭവിക്കുന്നവർ ഉണ്ട്. സർക്കാരും ‘റെഡി റ്റു വെയിറ്റ്’ നയം സ്വീകരിക്കുകയാണൊ എന്ന് സംശയിക്കുന്നവർ ഉണ്ട്. അവരുടെ വികാരങ്ങളെയും ആകാംക്ഷകളെയും മാനിച്ചുകൊണ്ട് തന്നെ പറയട്ടെ. തൃപ്തിയുടെ ശബരിമലയിലേക്കുള്ള വരവിനു പിന്നിൽ ഒരു വൻ ഗൂഢാലോചനയുണ്ടായിരുന്നു എന്ന് തന്നെയാണു പുറത്തുവരുന്ന വാർത്തകൾ കൂട്ടിവായിക്കുമ്പോൾ മനസിലാകുന്നത്.

നാലു കാര്യങ്ങളാണിവയിൽ ഏറ്റവും പ്രസക്തം.

ഒന്ന്, അവരുടെ ആർ എസ് എസ്, ബി ജെ പി ചങ്ങാത്തം. ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ പേരിൽ തന്നെയുണ്ട് ഒരു സംഘി സ്പർശം. അത് പോട്ടെ. ആ സംഘടനയുടെ രൂപീകരണത്തിനും പ്രവർത്തനത്തിനും സഹായിച്ചത് ആർ എസ് എസ് സംഘപരിവാർ ശക്തികളുടെ പിന്തുണയാണു എന്ന അവരുടെ സ്വന്തം വാക്കുകൾ തെളിയിക്കുന്നത് എന്താണു? ആ നന്ദി പ്രകാശനം തെളിയിക്കുന്നത് തൃപ്തി ദേശായി ഈ പറയുന്നതുപോലെ ഒരു ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റല്ല, മറിച്ച് സംഘപരിവാർ ശക്തികളുടെ ഹിന്ദുത്വ ഏകീകരണ അജണ്ടക്കായി പ്രവർത്തിക്കുന്ന ഒരു കർസേവകയാണു എന്നല്ലേ? ആർ എസ് എസ് ആദ്യം സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ ഇവിടെ മറ്റൊരു സാധ്യതയുണ്ട് എന്ന് കണ്ടപ്പോൾ അവർ നിലപാട് മാറ്റി.