#ശബരിമല

ഒന്നാം റൗണ്ടിന്റെ വിസിൽ മുഴങ്ങുമ്പോൾ

കാര്യങ്ങൾ ഇതേ വേഗത്തിൽ ഇതേ ദിശയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ആദ്യമാദ്യമെ വന്ന് പണി മേടിച്ച് കൊണ്ട് പോവാൻ സാധ്യതയുള്ള മൂന്ന് കൂട്ടരാണുള്ളത്. 

ഒന്ന്. ദേവസ്വം ജീവനക്കാർ

അയ്യനാണ് അവരുടെ അന്നം. മതേതര കക്ഷികളുടെ ഭരണകാലത്ത് അതിന് മുട്ടുണ്ടായില്ല. ഇപ്പോൾ ‘വിശ്വാസികളെ‘ന്ന് സ്വയം വിളിക്കുന്നവർ പറയുന്നത് ഇതെല്ലാം പിരിച്ച് വിട്ട് ക്ഷേത്രങ്ങൾ ‘ഞങ്ങൾ വിശ്വാസികൾ‘ക്ക് നൽകണമെന്നാണ്. ഈ ‘വിശ്വാസികൾ‘ ആരാണെന്നും മറ്റും ഇപ്പോൾ ഏതാണ്ട് വെളിവായിട്ടുണ്ട്. അവരുടെ സാമ്പത്തികതത്വശാസ്ത്രം എന്തെന്നും എല്ലാവർക്കും അറിയാം. സ്ഥിരം തൊഴിൽ ഒരു അവകാശമായി പോലും അവർ കരുതുന്നില്ല. അവശ്യസാധനങ്ങളുടെ ഉയർന്ന വില അവരെ അലോസരപ്പെടുത്തുന്നില്ല. തൊഴിലില്ലായ്മയുടെ കെടുതികളെ കഴിവില്ലായ്മ എന്ന് ആക്ഷേപിക്കാനാണ് അവർക്ക് താൽപര്യം. അങ്ങനെയുള്ളവർക്ക് ദേവസ്വം ജീവനക്കാരോട് എന്ത് തോന്നാനാണ്. ഒരു ഘട്ടം കഴിഞ്ഞ്, കമ്യൂണിസ്റ്റ് പാർട്ടി ഒക്കെ നശിച്ച് തീർന്ന് കഴിയുമ്പോൾ, നിങ്ങൾ ഈ ജീവനക്കാരാണ് ഞങ്ങൾ തന്ന കാണിക്കയെല്ലാം കട്ട് മുടിച്ചതെന്നാവും ആക്രോശം. 

മനുഷ്യരെപ്പറ്റി വലിയ മതിപ്പില്ലാത്ത കൂട്ടരാണ്. ദൈവങ്ങളും യന്ത്രങ്ങളുമാണ് അവർക്ക് ഹരം. അർച്ചന ബുക്ക് ചെയ്യാൻ ഒരു ആപ്പും അക്കൗണ്ട് നോക്കാൻ ഒരു സോഫ്റ്റ് വെയറും സുരക്ഷയ്ക്ക് സിസിടിവിയും വെച്ചാൽ ഒരൊറ്റ സൂപ്പർവൈസറും ഒരു പൂജാരിയും മതിയാവും ഒരു സാധാരണ ക്ഷേത്രം നടത്താൻ. മാലകെട്ടും പായസവും ഔട്സോഴ്സ് ചെയ്യാം. ഉത്സവകാലത്ത് കുറച്ച് താൽക്കാലിക ജീവനക്കരെ കൂടി എടുത്താൽ സംഗതി സുഖമായി ഓടിക്കൊള്ളും. ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ നിൽക്കുന്ന ‘വിശ്വാസികൾ‘ പിടിച്ചെടുത്ത് ഭരിക്കുന്ന മേഖലകളിലെല്ലാം ഇതാണ് കഥ. ഒരു പ്രശ്നമുണ്ടാക്കുക. ആ പ്രശ്നത്തെ വെടക്കാക്കുക. എന്നിട്ടത് ഒരു ഒരുക്കാക്കി തനിക്കാക്കി ആധിപത്യം സ്ഥാപിച്ച് അടപടലെ വിറ്റഴിക്കുക അല്ലെങ്കിൽ ആചന്ദ്രതാരം ലീസ് ചെയ്യുക. ഇതാണ് അതിന്റെ ഒരു രീതി.