#മതരാഷ്ട്രീയം

മതക്കോടതി തന്നെ വേണ്ടിവരുമൊ വിശ്വാസ പ്രശ്നം പരിഹരിക്കാൻ?

സ്പാനിഷ് ഇങ്ക്വിസിഷന്റെ (മതദ്രോഹവിചാരണ) ഭാഗമായി ഒരുക്കിയിരുന്ന ചെറിയ പീഡാമുറി (small torture chamber). നിലത്തുറപ്പിച്ച ചക്രത്തിൽ നിന്നു മേൽക്കൂരയിലെ കപ്പിയിലൂടെ കൊളുത്തിയ കയറിൽ വിചാരണയ്ക്കു വിധേയമാക്കുന്ന വ്യക്തിയെ തൂക്കിയിടും. പാദത്തിൽ നിന്നു താഴേക്ക് വലിയ കല്ലുകളും കെട്ടിത്തൂക്കും. ഇങ്ങനെയാണ് കുറ്റസമ്മതം നേടിയിരുന്നത്.

ഒരു മതേതര സർക്കാരിനു വിശാസികൾക്കിടയിലെ തർക്കങ്ങളിൽ എത്രത്തോളം ഇടപെടാനാകും? ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രം ആയതിനാൽ ഭരിക്കുന്ന സകല സർക്കാരുകൾക്കും തത്വത്തിൽ ഈ ചോദ്യം ബാധകമാണു്. പക്ഷേ ഫലത്തിൽ അത് ഇടത് കമ്യൂണിസ്റ്റ് സർക്കാരുകൾക്കു നേരെ മാത്രം നീളുന്ന ഒരു ചോദ്യമായി തീരുന്നു.

വാസ്തവത്തിൽ ഈ ചോദ്യം കോടതികൾക്കും ബാധകമാണു്. ഭരണഘടനയെ മുൻനിർത്തി യുക്തിയെയും അനുഭവഗോചരമായ തെളിവുകളെയും ആധാരമാക്കി പ്രശ്നങ്ങളിൽ തീർപ്പു കല്പിക്കുന്നതാണു കോടതികളുടെ രീതി. വിശ്വാസമാകട്ടെ അങ്ങനെ ഒരു പൊതുയുക്തിയെ അവലംബിച്ചല്ല, നിലനിൽക്കുന്നത്. അതിനു് എമ്പെരിക്കലായ തെളിവുകൾ സാദ്ധ്യവുമല്ല.

വിശ്വാസം അതിന്റെ തനത് ആന്തരിക യുക്തിപദ്ധതിയെ മാത്രം അവലംബിച്ച് നിലനിൽക്കുന്നതും ചോദ്യം ചെയ്യാൻ പാടില്ലാത്തത് എന്ന് വിശ്വാസികൾ കരുതുന്നതുമായ ഒന്നാണു്. അതിനെ മൗലിക അവകാശമായി അംഗീകരിക്കുന്ന ഒരു ഭരണഘടനയെ വ്യാഖ്യാനിച്ച് എങ്ങനെ കോടതിക്ക് തീർപ്പ് കല്പിക്കാനാവും? കോടതിയുടെ പ്രവർത്തന യുക്തിയേ വിശ്വാസത്തിന്റേതല്ല. അല്ലെങ്കിൽ അതൊരു മതകോടതിയായിരിക്കണം. നമ്മുടെ കോടതികൾ മതഗ്രന്ഥങ്ങളെ ആധാരമാക്കി പ്രവർത്തിക്കുന്ന മതക്കോടതികൾ അല്ലല്ലൊ.