#ആവിഷ്കാരസ്വാതന്ത്ര്യം

‘കിത്താബി’ൽ വീണ കണ്ണീരിന്റെ ഉത്തരവാദിയാര്?

സിയാനയും ദേവനന്ദയും ശിഖപ്രിയയും അർത്ഥനയും: സംസ്ഥാന സ്കൂൾ കലോൽസവ വേദിയുടെ കണ്ണുനീരായി മാറിയ നാലു പെൺകുട്ടികൾ.

മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകത്തിനായിരുന്നു കോഴിക്കോട് റവന്യൂജില്ല സ്കൂൾ കലോൽസവത്തിൽ ഒന്നാം സമ്മാനം. മികച്ച നടി ആ നാടകത്തിലെ റിയ പർവീൺ. അങ്ങനെ ഉജ്ജ്വല വിജയത്തോടെ സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻ യോഗ്യത സമ്പാദിച്ച ആ നാടകം അരങ്ങിൽ അവതരിപ്പിച്ച, ബീവാത്തുവും ഉമ്മുക്കുലുസുവും മുക്രിയുമൊക്കെയായി അരങ്ങ് വാണ പെൺകുട്ടികളാണിവർ. അവർ ആലപ്പുഴയിലെ സംസ്ഥാന സ്കൂൾ കലോൽസവവേദിയിൽ വീഴ്ത്തിയത് നാടകം കയ്യടിയോടെ അഭിനയിച്ച് അവസാനിപ്പിച്ചതിന്റെ ആനന്ദകണ്ണീരല്ല. മറിച്ച് നഷ്ടപ്പെട്ട വേദിയോർത്ത്, പാഴായ മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനമോർത്തുള്ള കണ്ണീരാണ്.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകം ചിലരുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നതിനാൽ സ്കൂൾ അധികൃതർ പിൻവലിക്കുകയായിരുന്നു. ഇതിനെതിരെ നാടക പ്രവർത്തകർ കോടതിയിൽ പോയിരുന്നു. അനുകൂലമായ ഒരു വിധി ഉണ്ടായേക്കും എന്ന നേരിയ പ്രതീക്ഷയിലാണ് ആ കുട്ടികൾ മൽസരവേദിയിൽ എത്തിയത്. പക്ഷേ കോടതിവിധി വന്നതോടെ അതും തകർന്നു. ആ കണ്ണീരാണു സ്കൂൾ കലോൽസവത്തിന്റെ തന്നെ കണ്ണീരായി മാറിയത്.