#മതരാഷ്ട്രീയം

മൃതദേഹമെടുക്കാനുണ്ടോ മൃതദേഹം....

ഏത് മരണവും ദുഖകരമാണ്. അകാലമരണങ്ങൾ, രോഗവും അപകടവുമൊക്കെയായി സംഭവിക്കുന്നവ, അതിലും ദുഖകരമാണ്. ഇതിനെക്കാളൊക്കെയും ദുഖകരമാണ് ആത്മഹത്യകൾ. എന്തുകൊണ്ടെന്നാൽ ഒരു നിമിഷത്തെ വികാരത്തള്ളിച്ചയിൽ, അല്ലെങ്കിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷാദത്തിന്റെ, മടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരാൾ സ്വയം കൊല്ലുമ്പോൾ അയാൾ അനുഭവിക്കുന്ന അതിദുഖകരമായ ഒരു ഏകാന്തതയുണ്ട്. അത് അയാൾക്കു ചുറ്റുമായി ജീവിച്ചിരിക്കുന്ന നമ്മൾ ഓരോ മനുഷ്യർക്കു നേരെയും വിരൽ ചൂണ്ടുന്നുണ്ട്.

ഇന്നു പുലർച്ചെയും അത്തരം ഒരു സംഭവം നടന്നു. തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആയിരുന്നു ആത്മഹത്യ ചെയ്തത്. ജീവിതം മടുത്തതുകൊണ്ടാണു അത് എന്ന് അയാളുടെ മരണമൊഴിയിൽ പറയുന്നു. എത്രകണ്ടു സങ്കടകരമാണ് അതികാലത്ത് എഴുനേറ്റ് ഒരു മനുഷ്യൻ സ്വയം ഇല്ലാതെയാക്കാൻ തീരുമാനിക്കുന്നത്! നമ്മൾ ആരും ഇതറിഞ്ഞില്ല, ഇയാളെ രക്ഷിക്കാനായില്ല. അതിന്റെ കുറ്റം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണു.

വേണുഗോപാലൻ നായരുടെ മരണത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാട്ടിലെ മനുഷ്യത്വമുള്ള എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ അതിന്റെ രാഷ്ട്രീയ ഉപയോഗത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഹ്വാനങ്ങളുടെയൊന്നും ഒരാവശ്യവുമില്ല. അതിനവർ മുമ്പോട്ടു വന്നു കഴിഞ്ഞു. ബി ജെ പി.