#മതരാഷ്ട്രീയം

പിറവം, ശബരിമല: ഉള്ളതായാലും ഇല്ലാത്തതായാലും ആത്മഹത്യാപരമായ ചില ആത്മഹത്യ/ഭീഷണികള്‍...!

ആത്മഹത്യ എന്ന പദം നമ്മുടെ സൈബര്‍, ദൃശ്യമാദ്ധ്യമ ചര്‍ച്ചകളില്‍ വന്നു നിറയുന്നത് കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ്. പിറവം പള്ളിയില്‍ രണ്ടു ദിവസം മുമ്പു കണ്ടത് ആത്മഹത്യാഭീഷണിയായിരുന്നുവെങ്കില്‍ ഇക്കുറി അതു ഭീഷണിയല്ല, പ്രവര്‍ത്തി തന്നെയായിരുന്നു.

പിറവം പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുമ്പാകെ നടന്ന സംഭവത്തിലും ആത്മഹത്യ എന്ന വാക്കു സാന്ദര്‍ഭികമായി വന്നുചേര്‍ന്നു എന്നല്ലാതെ അവ തമ്മില്‍ മറ്റു സമാന്തരങ്ങള്‍ ഒന്നുമില്ല എന്നതു ശരി തന്നെ. മുട്ടട സ്വദേശി വേണുഗോപാലിന്റെ ആത്മഹത്യ ജീവിതത്തോടുള്ള മടുപ്പില്‍നിന്നും ഉണ്ടായതാണെന്ന് അയാളുടെ മരണമൊഴി തെളിയിക്കുന്നുണ്ട്. അതില്‍ വിശ്വാസത്തെക്കുറിച്ചോ, അതു മുതലെടുത്തു നടക്കുന്ന സമരകോലാഹലത്തെക്കുറിച്ചോ പരാമര്‍ശമില്ല എന്നതു വസ്തുതയുമാണ്.

ഇല്ലാത്ത ഒരു പ്രശ്നത്തെ ഉണ്ടാക്കി അതില്‍നിന്നും രാഷ്ട്രിയ മുതലെടുപ്പു നടത്താനാണു പതിവുപോലെ ഇവിടെയും ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ പിറവത്ത് അങ്ങനെയല്ല. സംഗതി സ്വത്തുതര്‍ക്കമാണെങ്കിലും വിശ്വാസികള്‍ അവിടെ ആത്മഹത്യാഭീഷണി മുഴക്കി എന്തിനും തയ്യാറായി നിലകൊണ്ടു എന്നതു പറഞ്ഞുണ്ടാക്കിയതല്ല, നാം ലൈവായി കണ്ടതാണ്.