#മതരാഷ്ട്രീയം

തട്ടവിവാദം: ഒരു തോറ്റ ജനതയും ആ പരാജയത്തിന്മേലുള്ള വിധിയും

ആലപ്പുഴ ബിലീവേഴ്സ് ചർച്ചിൽ നിന്നും തട്ടമിടാത്തതിന്റെ പേരിൽ ഒരു കുട്ടിയെ പുറത്താക്കിയത് 2010ലാണ്. അന്ന് അതു വലിയ വിവാദമായിരുന്നു. തുടർന്നും സമാനമായ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടും പെടാതെയും ഉണ്ടായിട്ടുണ്ടാവാം. അത്തരം ഒന്നിന്റെ ബാക്കിപത്രമാണല്ലോ ഈ അടുത്തു വന്ന ഹൈക്കോടതി വിധി.

തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ടു കുട്ടികൾ കോടതിയിൽ നൽകിയ അന്യായത്തിൽ തീർപ്പു കൽപ്പിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി. മതസ്വാതന്ത്യം മൗലിക സ്വാതന്ത്ര്യത്തിൽ പെടുന്നതായതിനാൽ മതം അനുശാസിക്കുന്ന തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു സ്കൂളിൽ പോകാൻ അനുവദിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിൽ അവർക്ക് അനുകൂലമായി ഇടപെടാൻ നിവർത്തിയില്ല എന്നതായിരുന്നു വിധി.

അതിന്റെ യുക്തി ഇതാണു. പരാതിക്കാരിക്ക് അവരുടെ വിശ്വാസം ആചരിക്കാനുള്ള മൗലിക അവകാശമുണ്ട്. എന്നാൽ സ്കൂൾ മാനേജ്മെന്റിന് ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കി നടത്തിക്കൊണ്ടു പോകുന്നതിനുള്ള മൗലീക അവകാശവും ആർട്ടികിൾ 19 പ്രകാരം ഉണ്ട്. ഇവ തമ്മിൽ സംഘർഷത്തിൽ വരുമ്പോൾ ‘ഡൊമിനന്റ് ഇന്ററസ്റ്റി‘നെ (സ്കൂളിലെ കുട്ടികൾക്ക് മുഴുവനായി ഒരു ഏകീകൃത യൂണിഫോം വേണമെന്ന  മാനേജ്മെന്റിന്റെ താല്പര്യത്തെ) മറികടന്നു പോകാൻ ‘സബ്സെർവിയന്റ് ഇന്ററെസ്റ്റി‘നെ (പരാതിക്കാരിയുടെ ആവശ്യം) അനുവദിച്ചാൽ അതു വ്യവസ്ഥയില്ലായ്മ സൃഷ്ടിക്കും എന്നാണ് കോടതിയുടെ വിലയിരുത്തൽ.