#ജാതീയത

ജാതിയധിക്ഷേപത്തിന് അറസ്റ്റും ജാമ്യവുമല്ല, സാംസ്ക്കാരിക വിചാരണ

ജാതി അധിക്ഷേപത്തിന്റെ പേരിൽ അറസ്റ്റിലായ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിനു കോടതി ജാമ്യമനുവദിച്ചു എന്നു വാർത്ത. എന്നാൽ എന്തായിരുന്നു ആ അധിക്ഷേപം എന്നതിനെക്കുറിച്ചു വിശദാംശങ്ങൾ ലഭ്യമല്ല. സൈബർ മീഡിയയിൽ പലരും പങ്കുവയ്ക്കുന്ന ചില വിവരങ്ങൾ മാത്രമാണു നിലവിൽ അതെക്കുറിച്ചു നമുക്ക് ആശ്രയിക്കാനുള്ളു. എത്രത്തോളം ആധികാരിമാണു എന്ന് ഉറപ്പില്ല എന്ന ജാമ്യത്തോടെ ആ വിവരങ്ങൾ താഴെ കൊടുക്കുന്നു.

“കഴിഞ്ഞ ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഒരു ചാനൽ ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം മാവിലാന്‍ സമുദായത്തില്‍പ്പെട്ടവർ എന്ന തരത്തിൽ തന്നേയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നു ബാലകൃഷ്ണൻ ചാമക്കൊച്ചി എന്ന വ്യക്തി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആദിവാസികളും ദലിതരും ആയ ആളുകൾ വിദ്യാഭ്യാസം നേടുകയോ സമ്പന്നരാവുകയോ ചെയ്താൽ അവരുടെ ജാതിക്കാരെ വിവാഹം കഴിക്കാതെ മറ്റുള്ള വിഭാഗക്കാരെ തിരക്കിപ്പോവുന്നത് അവർക്കു വെളുത്ത കുഞ്ഞുങ്ങൾ ഉണ്ടാവാനാണ് എന്നും, എൽഐസി റീജിയണൽ മാനേജരായ ബാലകൃഷ്ണൻ ചാമക്കൊച്ചിയെപ്പോലെ കറുത്തവനായ ഒരു മാവിലൻ വെളുത്ത മൊകയ സ്ത്രീയെ വിവാഹം ചെയ്തിട്ടും ഉണ്ടായ രണ്ടു കുഞ്ഞുങ്ങളും കറുത്തവരാണ് എന്നായിരുന്നു ഏച്ചിക്കാനത്തിന്റെ ഒരു പരാമർശം. അങ്ങനെ കല്യാണം കഴിച്ചതുകൊണ്ട് ബാലകൃഷ്ണന്റെ അമ്മക്ക് മരുമകൾ സംസാരിക്കുന്ന തുളു ഭാഷ മനസ്സിലാക്കാൻ ആകാതെ വിഷമിക്കേണ്ടി വന്നു എന്ന തരത്തിലുള്ള തുടർ അധിക്ഷേപങ്ങളും നടത്തി. 

കോടതി കേസ് പരിഗണിക്കുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ട കുറ്റമാണെന്ന് കണ്ടെത്തുകയും സറണ്ടർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.... അംബേദ്കറെറ്റ് പാർട്ടി ഓഫ് ഇന്ത്യ [API]യുടെ നാഷണൽ ലീഡർമാരിൽ ഒരാളും കൂടിയാണ് പരാതിക്കാരനായ ബാലകൃഷ്ണൻ ചാമക്കൊച്ചി“(ഒറിജിനൽ സോഴ്സിനോട് കടപ്പാട്)

ലഭ്യമായ വിവരങ്ങൾ വച്ച് ഇതിനോട് പ്രതികരിക്കുകയാണെങ്കിൽ ഇങ്ങനെ പറയാം. ദളിത് സമുദായത്തിൽ പെട്ടവർ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പോൾ പലപ്പോഴും തങ്ങളുടെ സ്വത്വത്തെ ഉയർത്തിപ്പിടിക്കുന്നതിനു പകരം അതിനെ മറയ്ക്കുവാൻ വിവിധ വഴികൾ അവലംബിക്കുന്നു എന്ന വിമർശനം. ഇത് പുതിയതൊന്നുമല്ല. എന്നാൽ സന്തോഷ് എച്ചിക്കാനത്തെപോലെ ഒരു സാംസ്കാരിക പ്രവർത്തകൻ അതിനെ ആ നിലയിൽ തന്നെ ഏറ്റെടുത്ത് ഒരു ദളിതനോടു പ്രതിവാദം ഉന്നയിക്കുന്നതിൽ ചെറുതല്ലാത്ത ശരികേടുണ്ട്.

ദളിത് വിഭാഗത്തിൽ നിന്നും വ്യവസ്ഥയോടു പൊരുതി മുന്നേറി ജയിച്ചുവന്ന നിരവധി ധൈഷണികർ ഒരു വശത്തു കറുപ്പിനെ അധമവർണ്ണമായി കാണുന്ന സാംസ്കാരിക ശീലത്തെ പ്രശ്നവൽക്കരിക്കുകയും മറുവശത്തു കറുപ്പിന്റെ സ്വാഭാവിക സൗന്ദര്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ട് നടത്തി വരുന്ന സാംസ്കാരിക സമരങ്ങളുണ്ട്. അതിന്റെ സാമൂഹ്യപ്രസക്തി ബ്രാഹ്മണ, ശൂദ്ര സമുദായങ്ങളിൽ പെട്ട വിദ്യാഭ്യാസമുള്ള പുതുതലമുറ മനസിലാക്കുകയും, അതിനാൽ ധനാത്മകമായി സ്വാധീനിക്കപ്പെടുകയും അവർക്കിടയിലും കറുപ്പ് ഫാഷനബിൾ ആവാൻ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ വിമർശനം എന്നത് ഓർക്കണം.