#നവോത്ഥാനം

വനിതാമതിൽ എന്തിനാ..? ഓ....ഒന്നിരുന്നാ ദിപ്പപ്പറയാം...!

എതിർക്കുന്നവരെയും എതിർവാദങ്ങളെയും മുൻനിർത്തി തന്നെ വർദ്ധിതപ്രസക്തമായിത്തീരുന്നു വനിതാമതിൽ.

എന്തുകൊണ്ട് എന്നു മനസിലാവണമെങ്കിൽ ആദ്യം ആ ആശയം ഉരുത്തിഞ്ഞുവന്ന വഴി അറിയണം. അതു കോൺഗ്രസും ബി ജെ പിയും എൻ എസ് എസും ലീഗും കെ സി ബി സിയുമൊക്കെ പ്രചരിപ്പിക്കുന്നതുപോലെ സർക്കാർ ചിലവിൽ സി പി എം കെട്ടുന്ന ‘വർഗ്ഗീയ‘മതിൽ അല്ല എന്നു മനസിലാക്കാൻ ആ അറിവ് ഒരുപക്ഷേ സഹായിച്ചേക്കാം.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഇതിനെ ഹിന്ദു സമൂഹത്തിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഒരു ‘സുവർണ്ണാ‘വസരമായി കണ്ട ബി ജെ പിയും കോൺഗ്രസും ആ നീക്കത്തെ ഹിന്ദു വിശ്വാസങ്ങളിൽ സർക്കാർ നടത്തുന്ന ഒരു കടന്നുകയറ്റമായി വ്യാഖ്യാനിച്ചു നാമജപസമരങ്ങൾ സംഘടിപ്പിച്ചു കൊടി പിടിച്ചും പിടിക്കാതെയും തെരുവിലിറങ്ങുന്നു.

സ്വാഭാവികമായും ഈ സഹചര്യത്തെ നേരിടാൻ സർക്കാർ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ തന്നെ ഉപയോഗിച്ചു. തുല്യത, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക മൂല്യങ്ങളെ അംഗീകരിക്കാതെ യാന്ത്രികമായ ജാത്യാചാരങ്ങളെ മുറുകെപ്പിടിച്ചിരുന്ന ഒരു സാമൂഹ്യാവസ്ഥയെ നിരവധിയായ പ്രക്ഷോഭങ്ങളിലൂടെ മാറ്റിമറിച്ച ആ പാരമ്പര്യത്തിന്റെ ഓർമ്മപ്പെടുത്തൽ കുറിക്കു തന്നെ കൊണ്ടു. എങ്കിലും അക്കാലത്തു കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ടില്ല, പിന്നെ അവർക്കെന്തു നവോത്ഥാന പാരമ്പര്യം എന്നൊക്കെ പറഞ്ഞു പ്രതിപക്ഷം ഉരുണ്ടുകളിച്ചു നിന്നു.