#നവോത്ഥാനം

ആത്മാഭിമാനത്തിന്റെ പെണ്മ

20 Dec, 2018

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന കേരള നവോത്ഥാനത്തിൽ പങ്കുള്ള വിവിധ സംഘടനകളുടെ യോഗം ജനുവരി ഒന്നിന് ഒരു വനിതാമതിൽ പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽ നിന്നു പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്. ഹോളിയർ ദാൻ ദൗ എന്ന് ആംഗലേയത്തിൽ വിശദീകരിക്കപ്പെടുന്ന ഒരു തരം ബ്രാഹ്മമണിക്കൽ സർവ്വശുദ്ധിവാദത്തിൽ അടിസ്ഥാനപ്പെടുത്തിയാണു കൂടുതൽ വാദങ്ങളും എന്നതു കേവല യാദൃശ്ചികതയായി തള്ളാൻ കഴിയില്ല. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷകോയ്മക്കെതിരെയാണു മതിൽ എങ്കിലും ആത്യന്തികമായി അതു വെല്ലുവിളിക്കുന്നതു സർവ്വകോയ്മകളുടെ മാതാവായ ബ്രാഹ്മണിക/സവർണ മേധാവിത്വത്തെയാണ്. എതിർപ്പുകളുടെ മൂലകാരണവും അതു തന്നെയാണ്.

സ്വാഭാവികമായി അതിൽ വരുന്ന ഒരു സംശയം ഇത്തരം ജാതിസംഘടനകളുടെ മുൻപ് അവസരവാദ നിലപാടുകൾകൊണ്ടു കുപ്രസിദ്ധിയാർജിച്ച നേതാക്കളുടെ മുൻകൈയിൽ വേണമോ ഇത്തരം ഒരു പ്രതിരോധം എന്നതാണ്. പക്ഷേ മറ്റൊരു രീതിയിൽ നോക്കുമ്പോൾ ഒരു കൃത്യമായ പൊസിഷൻ സ്വീകരിക്കുവാൻ ഇവർ നിർബന്ധിതരായി എന്നതു ധനാത്മകമായി കാണേണ്ടി വരും. ഒരുപക്ഷേ മുൻപു സ്വീകരിച്ചുവന്ന തരം അവസരവാദം ഇക്കാര്യത്തിൽ സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ ഒരു പൊസിഷനിൽ അവരെ തളച്ചിടുവാൻ നവോത്ഥാന പുരോഗമന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. 

മറ്റൊന്ന് ഇത്തരമൊരു നീക്കത്തിനു കിട്ടാവുന്ന പരമാവധി ആളുകളുടെ പിന്തുണ ആർജ്ജിക്കുക എന്ന ലളിതമായ യുക്തിയാണ്. Exclusivityയുടെ രാഷ്ട്രീയത്തെ നേരിടേണ്ടത് inclusivityയുടെ രാഷ്ട്രീയം ഉപയോഗിച്ചാണ്. അസ്പൃശ്യത കൽപ്പിച്ച് ആളുകളെ ഒഴിവാക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ ന്യൂനതകൾ തിരുത്തി ഒപ്പം നിർത്തുക എന്നതു ശ്രമകരവും. ആരു മാറിനിൽക്കുന്നു എന്നതല്ല ആരു പങ്കുചേരുന്നു എന്നതാണ് ഇത്തരം മുന്നേറ്റങ്ങളുടെ പ്രസക്തമായ കാതൽ. ഒരുപക്ഷേ പങ്കെടുക്കുന്ന, പിന്തുണയ്ക്കുന്ന വ്യക്തികളുടെ യോഗ്യതകൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. പികെ ശശിയെ പോലെയുള്ളവരെ ഈ അവസരത്തിൽകുറ്റവിചാരണ ചെയ്തേക്കാം. അതും ഇതിന്റെ ഗുണാത്മകമായ ഫലമായി തന്നെ കാണേണ്ടി വരും. ഇരട്ടത്താപ്പുകൾ ഉപേക്ഷിച്ചു മാത്രമേ ഇത്തരം മുന്നേറ്റങ്ങളുമായി ജനങ്ങളെ സമീപിക്കുവാൻ കഴിയുകയുള്ളൂവെന്ന നില ഉണ്ടാകുന്നതു ജനാധിപത്യത്തെ സംബന്ധിച്ചു വളരെ ഗുണകരമാണ്.